വടകര: മൂരാട് പുതിയ റെയിൽപ്പാലവുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തികളും റെയിൽവേ വിജയകരമായി പൂർത്തിയാക്കി. ബുധനാഴ്‌ച രാത്രിമുതൽ വ്യാഴാഴ്‌ച പുലർച്ചെവരെ ആറര മണിക്കൂർ നീണ്ട തീവ്ര പ്രവൃത്തിയിലൂടെയാണ് റെയിൽവേ ട്രാക്കും പുതിയ പാലത്തിലെ ട്രാക്കും യോജിപ്പിച്ചത്. ആദ്യഘട്ട പ്രവൃത്തി സെപ്റ്റംബർ 17-ന് പൂർത്തിയാക്കി പുതിയ പാലത്തിലൂടെ സർവീസ് ആരംഭിച്ചിരുന്നു. തുടർന്ന്, 125 വർഷം പഴക്കമുള്ള പഴയപാലം പൂർണമായും ഒഴിവാക്കുന്നതിന്റെ ഭാഗമായി മധ്യത്തിലുള്ള പാലത്തെ കോഴിക്കോട്, കണ്ണൂർ ട്രാക്കുകളുമായി ബന്ധിപ്പിക്കുന്ന 'കട്ട് ആൻഡ് കണക്‌ഷൻ' ജോലികളാണ് അവസാന ഘട്ടത്തിൽ പൂർത്തിയാക്കിയത്.
എൻജിനിയറിങ്, ഇലക്ട്രിക്കൽ ജോലികൾ ഏകോപിപ്പിച്ചുകൊണ്ടായിരുന്നു നിർമാണം നടത്തിയത്. വൈകീട്ട് 7.15 മുതൽ പുലർച്ചെ 1.45 വരെ ലൈൻബ്ലോക്ക് ആസൂത്രണം ചെയ്‌തിരുന്നെങ്കിലും സാങ്കേതികകാരണങ്ങളാൽ രാത്രി എട്ടുമണിക്കാണ് ബ്ലോക്ക് ആരംഭിച്ചത്. ഇലക്ട്രിക്കൽ ലൈനിൻ്റെ അലൈൻമെൻ്റ് പ്രശ്‌നം കാരണം പ്രവൃത്തി പൂർത്തിയാകാൻ പ്രതീക്ഷിച്ചതിലും വൈകി. തുടർന്ന് പുലർച്ചെ മൂന്നുമണിയോടെ ലൈൻബ്ലോക്കും പവർബ്ലോക്കും റദ്ദാക്കി തീവണ്ടി ഗതാഗതം പൂർണമായി പുനരാരംഭിക്കുകയായിരുന്നു.
നിർമാണ സമയത്ത് നിലവിലുള്ള ഇന്റർലോക്കിങ്, സിഗ്നൽ സംവിധാനങ്ങൾ താത്കാലികമായി വിച്ഛേദിച്ചതിനാൽ സ്റ്റേഷൻ മാസ്റ്റർമാരാണ് തീവണ്ടികളുടെ ഗതാഗതം നേരിട്ട് നിയന്ത്രിച്ചത്. ഇതു കാരണം കോഴിക്കോട് ഭാഗത്തേക്കുള്ള മാവേലി എക്‌സ്പ്രസ് 50 മിനിറ്റും ഭാവ് നഗർ-കൊച്ചുവേളി എക്സ്‌സ്പ്രസ് 45 മിനിറ്റും വൈകിയോടി. വടകരയിൽനിന്ന് തിക്കോടിയിലേക്ക് പോകുന്ന ലൈനിലൂടെത്തന്നെ തിരിച്ച് മൂന്ന് തീവണ്ടികൾ കടത്തിവിട്ടു. കൂടാതെ കണ്ണൂർ ഭാഗത്തേക്കുള്ള മൂന്ന് തീവണ്ടികൾ ഭാഗികമായി റദ്ദാക്കേണ്ടിയും വന്നു. കോയമ്പത്തൂർ-കണ്ണൂർ വണ്ടി കൊയിലാണ്ടിയിലും എക്‌സിക്യുട്ടീവ് എക്സ്പ്രസ് ഏലത്തൂരിലും ജനശതാബ്ദി എക്‌സ്പ്രസ് കോഴിക്കോട്ടുമാണ് യാത്ര അവസാനിപ്പിച്ചത്.
പുതിയ പാലം സജ്ജമായതോടെ പടിഞ്ഞാറുവശത്തുള്ള 125 വർഷം പഴക്കമുള്ള പഴയപാലം ചരിത്രത്തിന്റെ ഭാഗമായി മാറി. ദാദർ എക്സ്പ്രസാണ് ഈ പാലത്തിലൂടെ അവസാനമായി കടന്നുപോയത്. പ്രവൃത്തികൾ വിലയിരുത്താൻ എ.ഡി.ആർ.എം. ജെറിൻ വി. ആനന്ദ്, ചീഫ് എൻജിനിയർ വിജയ പാണ്ഡ എന്നിവർ സ്ഥലത്തെത്തിയിരുന്നു. അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ ഹബീബ് റഹ്‌മാൻ എൻജിനിയറിങ് ജോലികൾക്ക് നേതൃത്വം നൽകിയപ്പോൾ ഡെപ്യൂട്ടി ചീഫ് എൻജിനിയർ ഷബിൻ ആസഫ്, സീനിയർ ഡിവിഷണൽ ഇലക്ട്രിക്കൽ എൻജിനിയർ സന്ദീപ്, അസിസ്റ്റന്റ് എൻജിനിയർ ജവഹർ, ട്രാഫിക് ഇൻസ്പെക്ടർമാരായ വത്സലൻ കുനിയിൽ, വി. അജിത്, രാജേഷ് എന്നിവരും ദൗത്യത്തിൽ പങ്കാളികളായി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































