ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് രംഗത്തെ പ്രമുഖ പണ്ഡിതനും കാലിക്കറ്റ് സർവകലാശാല മുൻ ലൈബ്രേറിയറും പ്രൊഫസറുമായിരുന്ന ഡോ. എം. ബാവക്കുട്ടി അന്തരിച്ചു. പ്രായാധിക്യത്തെത്തുടർന്ന് ദീർഘകാലമായി ചികിത്സയിലും വിശ്രമത്തിലുമായിരുന്ന അദ്ദേഹം വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം തിരൂർ ഇമ്പിച്ചിബാവ സ്മാരക ആശുപത്രിയിലായിരുന്നു അന്തരിച്ചത്.
ഫാറൂഖ് കോളേജിൽ ലൈബ്രേറിയനായാണ് ഡോ. ബാവക്കുട്ടി ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടർന്ന് കേരള സർവകലാശാലയിൽ ലൈബ്രറി സയൻസ് അധ്യാപകനായി സേവനമനുഷ്ഠിച്ചു. അവിടെനിന്ന് കാലിക്കറ്റ് സർവകലാശാലയിൽ ഡെപ്യൂട്ടി ലൈബ്രേറിയനായി എത്തിയ അദ്ദേഹം പിന്നീട് സർവകലാശാലയുടെ ലൈബ്രേറിയറായും ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് വിഭാഗം പ്രൊഫസറായും വകുപ്പ് മേധാവിയായും പ്രവർത്തിച്ചു.
കാലിക്കറ്റ് സർവകലാശാലയിൽ ലൈബ്രറി സയൻസ് വിഭാഗം സ്ഥാപിക്കുന്നതിലും ബിരുദതലത്തിലുള്ള ബി.ലിബ്. സയൻസ് കോഴ്‌സ് ആരംഭിക്കുന്നതിലും അദ്ദേഹം നിർണായക പങ്കുവഹിച്ചു. സർവകലാശാലാ ലൈബ്രറിയുടെയും ലൈബ്രറി സയൻസ് പഠനവകുപ്പിന്റെയും വളർച്ചയ്ക്കും ആധുനികവൽക്കരണത്തിനും വിലപ്പെട്ട സംഭാവനകൾ നൽകിയ അക്കാദമിക വ്യക്തിത്വമായിരുന്നു അദ്ദേഹം.
ഡോ. കെ.കെ.എൻ. കുറുപ്പ് വൈസ് ചാൻസലറായിരുന്ന കാലയളവിൽ സർവകലാശാലാ രജിസ്ട്രാറുടെ ചുമതലയും അദ്ദേഹം വഹിച്ചിട്ടുണ്ട്. ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് മേഖലയിൽ നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള അദ്ദേഹം ഗവേഷകൻ എന്ന നിലയിലും ശ്രദ്ധേയനായിരുന്നു.
സി.പി.ഐ.എം. നേതാവും മുൻ മന്ത്രിയുമായിരുന്ന ഇ.കെ. ഇമ്പിച്ചിബാവയുടെ മരുമകനാണ് ഡോ. എം. ബാവക്കുട്ടി.
അദ്ദേഹത്തിന്റെ മൃതദേഹം വ്യാഴാഴ്ച വൈകുന്നേരം 6.30 വരെ കോഹിനൂരിലെ ലാൽ ഭവനിൽ പൊതുദർശനത്തിന് വെച്ചിരുന്നു. തുടർന്ന് സ്വന്തം നാടായ പൊന്നാനിയിലേക്ക് കൊണ്ടുപോയി. സംസ്കാരച്ചടങ്ങുകൾ വെള്ളിയാഴ്ച പൊന്നാനി സിയാറത്ത് പള്ളിയിൽ നടക്കും.
ലൈബ്രറി ശാസ്ത്ര വിദ്യാഭ്യാസ മേഖലയ്ക്കും കാലിക്കറ്റ് സർവകലാശാലയുടെ അക്കാദമിക വളർച്ചയ്ക്കും നൽകിയ സംഭാവനകളിലൂടെ ഡോ. എം. ബാവക്കുട്ടിയുടെ ഓർമകൾ എന്നും നിലനിൽക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































