കൊച്ചി: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ വിചാരണ നടപടികൾക്ക് ഹൈക്കോടതി സ്റ്റേ അനുവദിച്ചു. കേസിൽ സ്പെഷ്യൽ പബ്ലിക് പ്രൊസിക്യൂട്ടറെ നിയമിക്കേണ്ടതില്ലെന്ന സർക്കാർ തീരുമാനവുമായി ബന്ധപ്പെട്ട രേഖകൾ രണ്ടാഴ്ചയ്ക്കകം ഹാജരാക്കാൻ ജസ്റ്റിസ് ജി. ഗിരീഷ് അധ്യക്ഷനായ സിംഗിൾ ബെഞ്ച് സർക്കാരിനോട് നിർദേശിച്ചു.
സ്പെഷ്യൽ പബ്ലിക് പ്രൊസിക്യൂട്ടറെ നിയമിക്കാമെന്ന് ആദ്യം അറിയിച്ചശേഷം സർക്കാർ നിലപാട് മാറ്റിയതിനെതിരെ ബഷീറിന്റെ ഭാര്യ സി. ജസീല നൽകിയ ഹർജിയിലാണ് നടപടി. കേസ് അട്ടിമറിക്കാൻ ഉന്നതതലത്തിൽ ഐ.എ.എസ്. ലോബി ഇടപെട്ടിട്ടുണ്ടെന്നും ഒന്നാം പ്രതിയായ ഐ.എ.എസ്. ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ സംരക്ഷിക്കാനാണ് സർക്കാരിന്റെ നീക്കമെന്നും ഹർജിയിൽ ആരോപിക്കുന്നു. നിരവധി സാക്ഷികളും രേഖകളുമുള്ള കേസിൽ പരിചയസമ്പത്തില്ലാത്ത പ്രൊസിക്യൂട്ടറെ ചുമതലപ്പെടുത്തിയത് നീതിയുക്തമായ വിചാരണയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
2019 ഓഗസ്റ്റ് മൂന്നിനാണ് തിരുവനന്തപുരം മ്യൂസിയത്തിന് സമീപം വച്ച് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം. ബഷീർ കൊല്ലപ്പെടുന്നത്. കാറിലുണ്ടായിരുന്ന വഫ ഫിറോസാണ് വാഹനമോടിച്ചതെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടന്നെങ്കിലും മാധ്യമപ്രവർത്തകരുടെയും ദൃക്‌സാക്ഷികളുടെയും ഇടപെടലോടെയാണ് ഡ്രൈവിംഗ് സീറ്റിൽ ശ്രീറാം തന്നെയെന്ന കാര്യം പുറത്തുവന്നത്. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം ഹൈക്കോടതി വീണ്ടും പരിഗണിക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































