കൂരാച്ചുണ്ട്: ഇടവേളകളില്ലാതെ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചുകൊണ്ട് പൊതുസമൂഹത്തിന് മാതൃകയാവുകയാണ് ജെ.സി.ഐ. കൂരാച്ചുണ്ട് ചാപ്റ്റർ. എം.വി.ആർ. കാൻസർ സെന്റർ, കോഴിക്കോട് ബീച്ച് ആശുപത്രി (കോട്ടപ്പുറം ഗവ. ആശുപത്രി), മലബാർ മെഡിക്കൽ കോളേജ് എന്നിവയുമായി സഹകരിച്ച് ഓരോ മൂന്നുമാസ ഇടവേളകളിലും ചാപ്റ്ററിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പുകൾ നടന്നു വരുന്നു. ഇതുവരെ സംഘടിപ്പിച്ച ഇരുപതിലധികം ക്യാമ്പുകളിലൂടെ ആയിരക്കണക്കിന് രോഗികൾക്ക് രക്തമെത്തിക്കാൻ ഇവർക്ക് സാധിച്ചിട്ടുണ്ട്. ഓരോ ക്യാമ്പിലും ശരാശരി 50 മുതൽ 100 വരെ ആളുകളാണ് രക്തദാനത്തിനായി മുന്നോട്ടുവരുന്നത്.
കുളത്തുവയൽ ഹൈസ്കൂൾ, കല്ലാനോട് ഹയർ സെക്കൻഡറി സ്കൂൾ, സെന്റ് തോമസ് യു.പി. സ്കൂൾ കൂരാച്ചുണ്ട് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളെയും പങ്കാളികളാക്കി രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കൃത്യമായ ബോധവത്കരണം സംഘടിപ്പിക്കാറുണ്ട്. ജൂനിയർ റെഡ് ക്രോസ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് എന്നീ വിദ്യാർഥിക്കൂട്ടായ്മകളുടെ സജീവ പങ്കാളിത്തവും ഉറപ്പാക്കുന്നുണ്ട്. രക്തദാനം വെറുമൊരു ജീവകാരുണ്യ പ്രവർത്തനം മാത്രമല്ല, മറിച്ച് സമൂഹത്തോടുള്ള ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വമാണെന്ന സന്ദേശമാണ് ഈ കൂട്ടായ്മകൾ വഴി വിദ്യാർഥികളിലേക്ക് എത്തിക്കുന്നത്.
രക്തദാനത്തിനു പുറമേ കുട്ടികൾക്കും യുവാക്കൾക്കുമായി നൈപുണിവികസന പരിശീലനം നൽകുന്ന ഇൻസൈറ്റ് ലൈഫ് സ്കിൽ അക്കാദമിയും ചാപ്റ്ററിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്നുണ്ട്. സേവന പ്രവർത്തനങ്ങളെ ദീർഘകാല സാമൂഹിക ഇടപെടലുകളാക്കി മാറ്റുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ജെ.സി.ഐ. ഭാരവാഹികൾ വ്യക്തമാക്കി. പ്രസിഡന്റ് അരുൺ സാക്ക്, സെക്രട്ടറി റിജിൻ ടി. ആന്റണി, അനൂപ് തോമസ്, ഡോ. അനിൽ ജേക്കബ്, അഗസ്റ്റിൻ ദേവസ്യ, സിജിൽ ജോയ്, ജിതിൻ പതിയിൽ, ജിബിൻ, സിജോ കപ്പിലുമാക്കൽ, റോബിൻ തേനംമാക്കൽ, ശ്രീജിത്ത് സൗതേൺ, ജോബിൻ പാലത്തുംതലയ്ക്കൽ, ഡാർവിൻ ജോസഫ്, സോണി തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































