പെരുവണ്ണാമുഴി: പന്നിക്കോട്ടൂർ ഭാഗത്ത് കുറ്റ്യാടിപ്പുഴയ്ക്ക് കുറുകേ നിർമിക്കുന്ന തിമിരിപ്പാലത്തിന്റെ നിർമാണം അവസാനഘട്ടത്തിലേക്ക് കടന്നു. 75.7 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലുമായി നിർമിക്കുന്ന പാലത്തിന്റെ നാല് തൂണുകളുടെ പ്രവൃത്തികൾ പൂർത്തിയായി അതിനുമുകളിലുള്ള മൂന്ന് സ്‌പാനുകളും സ്ഥാപിച്ചുകഴിഞ്ഞു. 26 മീറ്റർ നീളമുള്ള ഒരു സ്‌പാനും 24.85 മീറ്റർ നീളമുള്ള രണ്ട് സ്‌പാനുകളുമാണ് പാലത്തിലുള്ളത്. നിലവിൽ ഇരുവശങ്ങളിലെയും കൈവരികളുടെ നിർമാണമാണ് നടക്കുന്നത്. ഇനി അപ്രോച്ച് റോഡിന്റെ നിർമാണം കൂടിയാണ് പൂർത്തിയാകാനുള്ളത്.
8.44 കോടി രൂപ ചെലവഴിച്ചാണ് പുതിയ പാലം യാഥാർഥ്യമാക്കുന്നത്. 2023 ജനുവരി 29-ന് പൊതുമരാമത്തുവകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ശിലാസ്ഥാപനം നിർവഹിച്ച പദ്ധതി, കരാർ കാലാവധിയായ ഒന്നരവർഷം പിന്നിട്ട് ഏറെക്കാലത്തിന് ശേഷമാണ് പൂർത്തിയാകുന്നത്. പ്രദേശത്ത് നിലവിലുള്ള വീതികുറഞ്ഞ പഴയ പാലത്തിൽ നിന്ന് 150 മീറ്ററോളം മാറി പന്നിക്കോട്ടൂർ ഹെൽത്ത് സെന്ററിന് സമീപമാണ് പുതിയ പാലം വരുന്നത്. 7.50 മീറ്റർ വീതിയുള്ള റോഡും ഇരുവശങ്ങളിലും 1.50 മീറ്റർ വീതിയിൽ നടപ്പാതയും പാലത്തിലുണ്ടാകും. കൂടാതെ, കരിങ്കൽ പാർശ്വഭിത്തിയോടെ ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ എട്ടുമീറ്റർ വീതിയിൽ രണ്ട് ഭാഗത്തും അപ്രോച്ച് റോഡും നിർമിക്കേണ്ടതുണ്ട്.
പന്നിക്കോട്ടൂർ ഭാഗത്തും മറുഭാഗത്ത് പറമ്പൽ മീൻതുള്ളിപ്പാറ ഭാഗത്തുമാണ് അപ്രോച്ച് റോഡ് എത്തുന്നത്. ഇതിൽ മീൻതുള്ളിപ്പാറ ഭാഗത്തെ അപ്രോച്ച് റോഡ് നിർമാണം ആരംഭിച്ചിട്ടുണ്ട്. നാട്ടുകാർ സൗജന്യമായി വിട്ടുനൽകിയ സ്ഥലത്താണ് അപ്രോച്ച് റോഡ് നിർമിക്കുന്നത്. 2020-2021 സംസ്ഥാന ബജറ്റിൽ ആറുകോടി രൂപ വകയിരുത്തി, 2021 അവസാനത്തോടെയാണ് പദ്ധതിക്ക് 8.44 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചത്.
പുതിയ പാലം തുറക്കുന്നതോടെ കടിയങ്ങാട്-പെരുവണ്ണാമൂഴി റോഡിൽ ಕೂവ്വപ്പൊയിലിൽനിന്ന് പന്നിക്കോട്ടൂർ വഴി ചെമ്പനോട റോഡിലേക്കുള്ള ഗതാഗതം ഏറെ സുഗമമാകും. പെരുവണ്ണാമൂഴി ടൗണിൽ പ്രവേശിക്കാതെയും വനമേഖല ഒഴിവാക്കിയും ചെമ്പനോട റോഡിലെത്താൻ കഴിയുമെന്നതാണ് ഇതിന്റെ പ്രധാന മേന്മ. ഇതേ പാതയിലെ മൂത്തേട്ട് പുഴയ്ക്ക് കുറുകേയുള്ള പാലം 2019-ൽ പൂർത്തിയായിരുന്നു. തിമിരിപ്പാലം കൂടി പൂർത്തിയാകുന്നതോടെ പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പൂർണ പരിഹാരമാകും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































