കൊച്ചി: ക്യാൻസർ ഉൾപ്പെടെയുള്ള ജീവൻരക്ഷാ മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിൽ സുപ്രധാന വിധിയുമായി ഹൈക്കോടതി. പേറ്റന്റ് പരിധിയിൽ ഉൾപ്പെട്ട മരുന്നുകൾ കേന്ദ്രസർക്കാരിന് സ്വന്തമായി നിർമ്മിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അടിയന്തര ഘട്ടങ്ങളിൽ പേറ്റന്റ് നിയമത്തിലെ സെക്ഷൻ 100 നൽകുന്ന അധികാരം ഉപയോഗിച്ച് പൊതുജനാരോഗ്യ സംരക്ഷണത്തിനായി വാണിജ്യേതര അടിസ്ഥാനത്തിൽ ജീവൻരക്ഷാ മരുന്നുകൾ രോഗികൾക്ക് വിതരണം ചെയ്യാം. മരുന്നുകളുടെ വില ജനങ്ങൾക്ക് താങ്ങാനാവുമോ എന്നതിൽ വിവരങ്ങൾ ശേഖരിച്ച് സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് നിർദേശിച്ചു.
ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം പൗരന്മാരുടെ ജീവൻ സംരക്ഷിക്കുക എന്നത് സർക്കാരിന്റെ പ്രാഥമിക ചുമതലയാണെന്നും മരുന്നുകളുടെ അമിതവില കാരണം ചികിത്സ നിഷേധിക്കപ്പെടുന്നത് മൗലികാവകാശ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ ഓരോ മൂന്ന് മിനിറ്റിലും ഒരു സ്ത്രീക്ക് സ്തനാർബുദം സ്ഥിരീകരിക്കുന്നുണ്ടെന്നും, രോഗികളിൽ 40 ശതമാനം ആളുകളും കടം വാങ്ങിയോ ആസ്തികൾ വിറ്റോ ആണ് ചികിത്സ തേടുന്നതെന്നും കോടതി ആശങ്കയോടെ നിരീക്ഷിച്ചു. വിപണിയിൽ ലഭ്യമാകുന്ന 'പാൽബോസിക്ലിബ്' (Palbociclib), 'റിബോസിക്ലിബ്' (Ribociclib) എന്നീ മരുന്നുകൾ പരസ്പരം മാറ്റാൻ കഴിയുന്നവയല്ലെന്ന മെഡിക്കൽ വിദഗ്ദ്ധരുടെ അഭിപ്രായവും കോടതി രേഖപ്പെടുത്തി.
കേസിൽ എതിർകക്ഷികളായ എലി ലില്ലി (Eli Lilly), നൊവാർട്ടിസ് (Novartis) എന്നീ മരുന്ന് കമ്പനികളുടെയും കേന്ദ്രസർക്കാരിന്റെയും വാദങ്ങൾ തള്ളിക്കൊണ്ടാണ് കോടതി വിധി പുറപ്പെടുവിച്ചത്. വലിയ തുക നിക്ഷേപിച്ചാണ് മരുന്നുകൾ വികസിപ്പിച്ചതെന്നും പേറ്റന്റ് അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നുമായിരുന്നു കമ്പനികളുടെ വാദം. ജനങ്ങൾക്ക് ന്യായമായ വിലയ്ക്ക് ഉൽപ്പന്നങ്ങൾ ലഭ്യമാക്കുക എന്നതാണ് പേറ്റന്റ് നൽകുന്നതിന്റെ അടിസ്ഥാന തത്വമെന്ന് വ്യക്തമാക്കി കോടതി ഈ വാദങ്ങളെല്ലാം നിരസിക്കുകയായിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































