ഒഞ്ചിയം: ദേശീയപാത വികസനത്തിന്റെ ഭാഗമായി ഇടയ്ക്കിടെ വലിയതോതിൽ മണ്ണിടിച്ചിലുണ്ടാകുന്ന മുക്കാളിയിൽ അപകടഭീഷണി നേരിടുന്ന വീടുകൾ അടിയന്തരമായി സംരക്ഷിക്കാൻ ഉന്നതതലയോഗത്തിൽ ധാരണയായി. ചൊവ്വാഴ്‌ച ഉച്ചയ്ക്ക് ഒഞ്ചിയം പഞ്ചായത്ത് ഓഫീസിൽ വടകര സബ് കളക്ടർ പി.പി. അർച്ചന, എൻ.എച്ച്.എ.ഐ. പ്രോജക്ട് ഡയറക്ടർ പ്രശാന്ത് ദുബെ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഈ പ്രധാന തീരുമാനമെടുത്തത്.
മണ്ണിടിച്ചിലിനെത്തുടർന്ന് വൻ ഭീഷണിയിലായ വടക്കേ പുനത്തിൽ അഭിലാഷിന്റെ വീട് പി.ഡബ്ല്യു.ഡി., ജിയോളജി വകുപ്പുകൾ ഉടൻ നേരിട്ടെത്തി സമഗ്ര പരിശോധന നടത്തിയശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. ആവശ്യമെങ്കിൽ ഈ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനുപുറമേ, അപകടസാധ്യതയുള്ള കൈതോകുന്നുമ്മൽ ദേവരാജ്, പുനത്തിൽ സരോജിനി എന്നിവരുടെ വീടുകൾ ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തി വീഴാതെ സംരക്ഷിച്ചുനിർത്തും.
സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി മണ്ണിടിച്ചിലുണ്ടായ മുഴുവൻ പ്രദേശത്തും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർമാണ പ്രവർത്തനങ്ങൾ പൂർണ്ണമായും നിർത്തിവെക്കാൻ യോഗം നിർദേശിച്ചു. കൂടാതെ മുക്കാളി പടിഞ്ഞാറുഭാഗത്തെ സംരക്ഷണഭിത്തിക്ക് പുറകിലെ റോഡ് ടാറിങ് നടത്തി എത്രയും വേഗം സഞ്ചാരയോഗ്യമാക്കാനും ധാരണയായിട്ടുണ്ട്. ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് ഷജിന കൊടക്കാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഷാഫി പറമ്പിൽ എം.പി.യുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കെ. പ്രദീപൻ, തഹസിൽദാർ ലതീഷ്, വടകര ഡിവൈ.എസ്.പി. കെ.കെ. ബിജു, ചോമ്പാല സി.ഐ. ഷിജു, അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ. ലീല തുടങ്ങിയ പ്രമുഖ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































