കൂരാച്ചുണ്ട്: പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിച്ച് മുതിർന്ന പൗരന്മാരുടെ അവകാശ സംരക്ഷണത്തിനായി കൂരാച്ചുണ്ടിൽനിന്ന് നാലംഗ സൗഹൃദ സംഘം ഭാരതപര്യടനത്തിനിറങ്ങി. പന്തപ്ലാക്കൽ ജോസ് (71), ഭാര്യ സെലിൻ (67), തറപ്പേൽ ഓസ്റ്റിൻ (65), ഭാര്യ ലിസി (62) എന്നിവരാണ് കാറിൽ ഇന്ത്യ മുഴുവൻ ചുറ്റാൻ യാത്ര ആരംഭിച്ചത്. കൂരാച്ചുണ്ട് സെയ്ൻ്റ് തോമസ് ഹൈസ്കൂൾ കവാടത്തിൽനിന്ന് ശനിയാഴ്ച രാവിലെ തുടങ്ങിയ യാത്ര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ ഫ്ലാഗ് ഓഫ് ചെയ്തു.
സമൂഹത്തിൽ വയോജനങ്ങൾ നേരിടുന്ന അവഗണനകൾക്കെതിരേ ശബ്‌ദമുയർത്താനും, അർഹമായ പെൻഷൻ ആനുകൂല്യങ്ങളും നിയമപരമായ അവകാശങ്ങളും ഉറപ്പാക്കേണ്ടതിൻ്റെ ആവശ്യകത ജനങ്ങളിലെത്തിക്കാനുമാണ് ഈ യാത്ര. ഒപ്പം മുതിർന്ന പൗരന്മാരുടെ മാനസിക-ശാരീരിക ക്ഷേമവും സാമൂഹിക പങ്കാളിത്തവും വർധിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും യാത്രയിലൂടെ ഇവർ ഉയർത്തിക്കാട്ടുന്നു.
ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലൂടെ 60 ദിവസം നീണ്ടുനിൽക്കുന്ന യാത്രയാണ് ഇവർ ലക്ഷ്യമിടുന്നത്. ദീർഘകാലം ഗൾഫിൽ പ്രവാസിയായിരുന്ന ജോസ് ഇപ്പോൾ സജീവ കർഷകനാണ്. സെലിൻ, ഓസ്റ്റിൻ, ലിസി എന്നിവർ അധ്യാപനരംഗത്തുനിന്ന് വിരമിച്ചവരുമാണ്. ജോസും സെലിനും മുൻപും ഒരു തവണ ഭാരതപര്യടനം നടത്തിയിട്ടുണ്ട്.
ഫ്ലാഗ് ഓഫ് ചടങ്ങിൽ കെ.എസ്.എസ്.പി.യു. ബാലുശ്ശേരി ബ്ലോക്ക് പ്രസിഡൻ്റ് രാജൻ ഉറുമ്പിൽ അധ്യക്ഷനായി. കൂരാച്ചുണ്ട് ഗ്രാമപ്പഞ്ചായത്തംഗങ്ങളായ സണ്ണി ജോസഫ് കാനാട്ട്, എൻ.കെ. കുഞ്ഞമ്മദ്, പഞ്ചായത്ത് മുൻ പ്രസിഡന്റ് പോളി കാരക്കട, ഒ. ഗോപിനാഥൻ, ലിസി ജോസഫ്, തോമസുകുട്ടി ചെരിയംപുറത്ത് എന്നിവർ സംസാരിച്ചു. സുഹൃത്തുക്കളും നാട്ടുകാരും ചേർന്നാണ് സംഘത്തിന് യാത്രയയപ്പ് നൽകിയത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






















































