സുൽത്താൻബത്തേരി: ലഹരി വിൽപനക്കാരെയും വിതരണ ശൃംഖലയിലെ കണ്ണികളെയും പിന്തുടർന്ന് പിടികൂടി വയനാട് പൊലീസ്. മുത്തങ്ങയിലും അമ്പലവയൽ കോട്ടൂരിലും എം.ഡി.എം.എ.യുമായി പിടിയിലായ പ്രതികളെ കൂടുതൽ ചോദ്യം ചെയ്തുള്ള തുടരന്വേഷണത്തിലാണ് ലഹരി കൈമാറിയവരെക്കൂടി പിടികൂടിയത്. തൃശൂർ ചേലക്കര സ്വദേശി എ.കെ. ധനൂപ് (27), ബത്തേരി പള്ളിക്കണ്ടി സ്വദേശി ജാസിം അലി (30) എന്നിവരാണ് അറസ്റ്റിലായത്.
ജൂലൈ 27-ന് മുത്തങ്ങയിൽ സ്കൂട്ടറിന്റെ വൈസറിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 17.188 ഗ്രാം എം.ഡി.എം.എ.യുമായി കോഴിക്കോട് രാമനാട്ടുകര സ്വദേശി കെ. ഫഹദ് (25) പിടിയിലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾക്ക് ലഹരി കൈമാറിയ ധനൂപിനെ ബംഗളൂരുവിലെ ഫ്ലാറ്റിൽ നിന്ന് പിടികൂടിയത്. കൂടാതെ, ജൂലൈ 20-ന് കോട്ടൂരിൽ 124.39 ഗ്രാം എം.ഡി.എം.എ.യുമായി കൽപറ്റ സ്വദേശി വേണുഗോപാലിനെ പിടികൂടിയ സംഭവത്തിലാണ് ലഹരി നൽകിയ ജാസിം അലിയെ ബത്തേരിയിൽ നിന്ന് അമ്പലവയൽ പൊലീസ് അറസ്റ്റ് ചെയ്തത്.
ബത്തേരി ഡി.വൈ.എസ്.പി. എം.എം. അബ്ദുൾ കരീം, ബത്തേരി എസ്.എച്ച്.ഒ. കെ.എസ്. അജേഷ്, അമ്പലവയൽ എസ്.ഐ. ജെസ്വിൻ ജോയി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി ലഹരിക്കേസുകളുടെ ഉറവിടം കണ്ടെത്താനും, കുറ്റക്കാരുടെ സ്വത്ത് കണ്ടുകെട്ടൽ ഉൾപ്പെടെയുള്ള കടുത്ത നിയമനടപടികൾ സ്വീകരിക്കാനും പൊലീസ് നീക്കം ശക്തമാക്കിയിട്ടുണ്ട്. നാർക്കോട്ടിക് സ്നിഫർ ഡോഗ്, ഡ്രോൺ പരിശോധനകൾ എന്നിവയ്ക്കൊപ്പം പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലും പരിശോധനകൾ ഊർജിതമായി നടക്കുന്നുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































