കോഴിക്കോട്: റെയിൽവേയുടെ നാലാംഗേറ്റ് വഴിയുള്ള യാത്ര ദിവസേന യാത്രക്കാരുടെ ക്ഷമ പരീക്ഷിക്കുകയാണ്. റെയിൽവേ നിർമിച്ച ഹംപ് കഴിഞ്ഞാൽ റോഡിൽ വലിയ കുഴികളായതിനാൽ ഇരുചക്രവാഹനങ്ങൾ മറിയുന്നതും കാറുകളുടെ അടിഭാഗം തട്ടി കേടുപാടുകൾ സംഭവിക്കുന്നതും ഇവിടെ നിത്യസംഭവമാണ്. വൈ.എം.സി.എ. കഴിഞ്ഞുള്ള ജങ്ഷനിൽനിന്ന് ലെവൽക്രോസ് ഭാഗത്തേക്കുവരുന്ന പി.ടി. ഉഷ റോഡിന്റെ അവസ്ഥയും പരിതാപകരമായി തുടരുന്നു. ഏഴുവർഷത്തിലധികമായി നവീകരണം നടക്കാത്ത ഈ റോഡിന്റെ ഉത്തരവാദിത്വം കോർപ്പറേഷനാണോ റെയിൽവേയ്ക്കാണോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.
തിരക്കേറിയ സമയങ്ങളിൽ കുഴികളിൽപ്പെട്ട് വലിയ അപകടങ്ങൾ തലനാരിഴയ്ക്കാണ് ഒഴിവാകുന്നത്. ദിവസവും അഞ്ഞൂറിലധികം വാഹനങ്ങൾ കടന്നുപോകുന്ന ഇവിടെ കൃത്യമായ ട്രാഫിക് സംവിധാനമില്ലാത്തതും പ്രതിസന്ധി ഇരട്ടിയാക്കുന്നു. അരവിന്ദഘോഷ് റോഡ്, ഗാന്ധിറോഡ്, പി.ടി. ഉഷ റോഡ് എന്നിവിടങ്ങളിൽനിന്നുള്ള വാഹനങ്ങൾ നേർക്കുനേർ എത്തുമ്പോൾ അപകടസാധ്യതയേറുന്നു. വീതികുറഞ്ഞ റോഡിൽ ഗേറ്റ് അടയ്ക്കുമ്പോൾ വാഹനങ്ങൾ കുടുങ്ങുന്നതും തുടർന്ന് വാക്തർക്കങ്ങൾ ഉണ്ടാകുന്നതും പതിവാണ്. റോഡിന്റെ ഇരുവശങ്ങളിലുമുള്ള അനധികൃത പാർക്കിങ് കാൽനടയാത്രക്കാരെയും ബുദ്ധിമുട്ടിലാക്കുന്നു. തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയകക്ഷികൾ വിഷയം ഉന്നയിക്കാറുണ്ടെങ്കിലും ശാശ്വത പരിഹാരം മാത്രം ഉണ്ടാകുന്നില്ല.
അതിനിടെ, വലിയങ്ങാടി, മിഠായിത്തെരുവ്, ബീച്ച്, മത്സ്യമാർക്കറ്റ് എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്താവുന്ന രണ്ടാംഗേറ്റ് രാത്രി പത്തുമണി മുതൽ രാവിലെ ആറുമണിവരെ അടച്ചിടുന്നത് യാത്രക്കാരെ കൂടുതൽ വലയ്ക്കുന്നുണ്ട്. ഈ സമയക്രമം വ്യക്തമാക്കുന്ന സൂചനാബോർഡ് വേണ്ടത്ര ദൃശ്യമാകുന്ന രീതിയിലല്ല സ്ഥാപിച്ചിരിക്കുന്നത്. ഇതിനാൽ വിവരമറിയാതെ രാത്രികാലങ്ങളിൽ നിരവധിയാളുകളാണ് ഗേറ്റിനുമുന്നിൽ കാത്തുനിന്ന് സമയം കളയുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































