മണിയൂർ: മണിയൂർ പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മണിയൂർ ചിൽഡ്രൻസ് ലിറ്ററേച്ചർ ഫെസ്റ്റ് (സി.എൽ.എഫ്-26) കുഞ്ഞുമനസ്സുകളിലേക്ക് സർഗാത്മകതയുടെ വാതിൽതുറന്ന് ജനശ്രദ്ധ നേടി. കഥയും കവിതയും പാട്ടും വരയുമായി ഒരുദിവസം മുഴുവൻ പ്രദേശത്തെ കുരുന്നുകൾ എഴുത്തുകാർക്കൊപ്പം ആഘോഷമാക്കി മാറ്റി. പാറക്കൽ അബ്‌ദുള്ള എം.എൽ.എ. ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ. ദിൻഷ അധ്യക്ഷത വഹിച്ചു. രാമകൃഷ്ണൻ കുമരനെല്ലൂർ, മൈന ഉമൈബാൻ, വീരാൻകുട്ടി, ശ്രീലാൽ മഞ്ഞപ്പാലം, സത്യചന്ദ്രൻ പൊയിൽക്കാവ്, രമേഷ് കാവിൽ, പ്രേമജ ഹരീന്ദ്രൻ, അജിതകുമാരി തുടങ്ങിയ പ്രമുഖ സാഹിത്യകാരന്മാർ കുട്ടികളുമായി സംവദിച്ചു. ചടങ്ങിൽ ഷഹബത്ത് ജൂന, ബിജിത്താൽ തെക്കേടത്ത്, അഹമ്മദ് സ്വാലിഹ്, നഫീസ, വിഷ്‌ണു മുതുവീട്ടിൽ, സുരേഷ്, ടി.എൻ. മനോജ്, പി. ബിനീഷ്, മുഹമ്മദ് വാഹിദ് എന്നിവർ സംസാരിച്ചു.
സാഹിത്യോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ബി. നവ്യശ്രീയുടെ 'വരയും വർണവും' ചിത്രപ്രദർശനം ഏറെ ശ്രദ്ധ പിടിച്ചുപറ്റി. ചിത്രകലാ അധ്യാപകൻ കുയ്യടി കൃഷ്‌ണൻ ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്ത ചടങ്ങിൽ അഷറഫ് തറോൽ അധ്യക്ഷത വഹിച്ചു.
കുറുന്തോടി തുഞ്ചൻസ്‌മാരക ലൈബ്രറിയുടെ നേതൃത്വത്തിൽ മണിയൂരിലെ എഴുത്തുകാരുടെ സംഗമവും പുസ്‌തകപ്രദർശനവും 'എഴുത്തകം' എന്ന പേരിൽ സംഘടിപ്പിച്ചു. ഇതിനോടനുബന്ധിച്ച് നടന്ന സാഹിത്യസംവാദം സത്യചന്ദ്രൻ പൊയിൽക്കാവാണ് ഉദ്ഘാടനം ചെയ്തത്. കൂടാതെ പഴമയുടെ കാഴ്‌ചകൾ ഉൾപ്പെടുത്തിയ പുരാവസ്തുപ്രദർശനവും മേളയിൽ വേറിട്ട അനുഭവമായി. പ്രശസ്‌ത നർത്തകി റിയാ രമേഷ് അവതരിപ്പിച്ച കവിതകളുടെ നൃത്താവിഷ്കാരം കുട്ടികൾക്ക് വായനയുടെ പുതിയ സാധ്യതകൾ പകർന്നപ്പോൾ, പൂക്കാട് കലാലയം അവതരിപ്പിച്ച 'ടോട്ടോചാൻ' നാടകത്തോടെയാണ് അക്ഷരോത്സവത്തിന് സമാപനമായത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































