കടലുണ്ടി: പഞ്ചായത്തിന്റെയും ഔട്ട്പോസ്റ്റ് പോലീസിന്റെയും പരിശോധനകളെ മറികടന്ന് കടലുണ്ടിപ്പുഴ വീണ്ടും കയ്യേറി നികത്തുന്നു. വിവരമറിഞ്ഞ് കടലുണ്ടി പഞ്ചായത്ത് അധികൃതരും പോലീസും സ്ഥലത്തെത്തിയപ്പോഴേക്കും നികത്തലിന് പിന്നിൽ പ്രവർത്തിച്ചവർ ഓടിയൊളിക്കുകയായിരുന്നു. തിങ്കളാഴ്‌ച രാവിലെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. മാസങ്ങളായി ഇടവിട്ട ദിവസങ്ങളിൽ സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തിൽ പുഴനികത്തൽ നടക്കുന്ന ചെമ്പൈത്തോട് ഭാഗത്തുതന്നെയാണ് കൂടുതൽ സ്ഥലങ്ങൾ നികത്തിയതായി കണ്ടെത്തിയതെന്ന് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി. മിനു അറിയിച്ചു. നൂറുശതമാനവും നികത്തൽ നടന്നതായി ബോധ്യപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി. കടലുണ്ടിപ്പുഴ സംരക്ഷണസമിതി പ്രസിഡന്റ് പി. കൃഷ്ണദാസാണ് നികത്തൽ സംബന്ധിച്ച് പഞ്ചായത്തിനെ വിവരമറിയിച്ചത്. കയ്യേറ്റത്തെത്തുടർന്ന് മുമ്പ് 30 മീറ്ററോളം വീതിയുണ്ടായിരുന്ന പുഴ ഈ ഭാഗത്ത് അഞ്ചുമീറ്ററായി ചുരുങ്ങിയെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.
നികത്തുന്ന വ്യക്തി കുറച്ചപ്പുറത്തായി നിർമിക്കുന്ന വീടിൻ്റെ അടുക്കളയുടെ നിർമാണത്തോടൊപ്പം ഇതേ ജോലിക്കാരെ ഉപയോഗിച്ചാണ് പുഴ നികത്തലും നടത്തുന്നത്. കഴിഞ്ഞമാസം 14-നും ഇവിടെ പുഴനികത്തൽ കണ്ടെത്തിയതിനെത്തുടർന്ന് പഞ്ചായത്തധികൃതരും പോലീസും സ്ഥലത്തെത്തി ജോലികൾ നിർത്തിവെപ്പിക്കുകയും വീട്ടുകാർക്ക് താക്കീത് നൽകുകയും ചെയ്തിരുന്നു. എന്നാൽ മുന്നറിയിപ്പുകൾ അവഗണിച്ച് പുഴനികത്തൽ പൂർവാധികം ശക്തമായി തുടരുകയാണെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. ഒന്നരമാസത്തിനിടെ ഒട്ടേറെഭാഗം നികത്തിക്കഴിഞ്ഞിട്ടുണ്ടെന്നും, അവിടെ ചെടികളും മറ്റും നട്ടുപിടിപ്പിച്ച് സ്വന്തം ഭൂമിയുടെ ഭാഗമാക്കാനാണ് ശ്രമമെന്നും അധികൃതർ പറയുന്നു. വിവിധദിവസങ്ങളിലായി 25 സെൻ്റ് സ്ഥലമെങ്കിലും ഈ രീതിയിൽ നികത്തിയിട്ടുണ്ടെന്നാണ് പുഴസംരക്ഷണസമിതി ഭാരവാഹികൾ വ്യക്തമാക്കുന്നത്. വീടുനിർമാണത്തിനായി കൊണ്ടുവരുന്ന കരിങ്കല്ലും മണ്ണും ഉപയോഗിച്ചാണ് നികത്തൽ നിർബാധം തുടരുന്നത്.
സംഭവത്തിൽ വിശാലമായ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് സർവേ വകുപ്പിന് വീണ്ടും കത്തയച്ചതായി പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. സർവേ നടത്തി നികത്തൽ രേഖാമൂലം സ്ഥിരീകരിച്ചാൽ മാത്രമേ പഞ്ചായത്തിന് മേൽനടപടികൾ സ്വീകരിക്കാനാകൂ. മുൻപും ഇക്കാര്യം ആവശ്യപ്പെട്ട് കത്തയച്ചിരുന്നെങ്കിലും തുടർന്നടപടികൾ ഉണ്ടായിരുന്നില്ല. നടപടികൾ വേഗത്തിലാക്കാൻ കളക്ടറേറ്റിലെ ബന്ധപ്പെട്ട വകുപ്പുകൾക്ക് പരാതി നൽകാൻ പുഴസംരക്ഷണസമിതിയോട് പഞ്ചായത്ത് ആവശ്യപ്പെട്ടിട്ടുണ്ട്. വില്ലേജ് അധികൃതർക്കും പരിശോധന ആവശ്യപ്പെട്ട് കത്തുനൽകിയതിനൊപ്പം പ്രദേശത്തിൻ്റെ വിശദമായ രൂപരേഖ തയ്യാറാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം പുഴയുടെ പലഭാഗത്തും മറ്റുള്ളവരും നികത്തൽ നടത്തുന്നുണ്ടെന്നും, അതിനെതിരെ നടപടിയെടുക്കാൻ കഴിയാത്തവരാണ് തങ്ങൾക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നുമാണ് സ്വകാര്യവ്യക്തിയുടെ വിശദീകരണം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































.jpg)
