വടകര: വടകര കണ്ണൂക്കര മാടാക്കര പള്ളിയിലുണ്ടായ ലാത്തിചാർജ് അടക്കമുള്ള നടപടികളിൽ പൊലീസിനെ ന്യായീകരിച്ച് മഹല്ല് കമ്മിറ്റി രംഗത്തെത്തി. പള്ളിയിലുണ്ടായ പൊലീസ് ഇടപെടൽ അനാവശ്യമായിരുന്നു എന്ന വാദം അംഗീകരിക്കാനാവില്ലെന്ന് മഹല്ല് കമ്മിറ്റി വ്യക്തമാക്കി. സമയബന്ധിതമായ പൊലീസ് ഇടപെടൽ കാരണം മാത്രമാണ് പ്രദേശത്ത് ഉണ്ടാകുമായിരുന്ന വലിയൊരു സംഘർഷം ഒഴിവാക്കാനും സാഹചര്യം ശാന്തമാക്കാനും സാധിച്ചതെന്നും കമ്മിറ്റി ഭാരവാഹികൾ അഭിപ്രായപ്പെട്ടു. അനുരഞ്ജന സാധ്യതകൾ അടഞ്ഞതോടെയാണ് പൊലീസ് സുരക്ഷ ആവശ്യപ്പെട്ടത്. പൊലീസുകാരെ സ്ഥലം മാറ്റിയ നടപടി ശരിയായില്ല. നിയമപാലകരെ ശിക്ഷിക്കുകയല്ല, നിയമം ലംഘിച്ച് ആരാധന തടസ്സപ്പെടുത്തുന്നവർക്കെതിരെ നടപടിയെടുക്കുകയാണ് വേണ്ടത്. പൊലീസ് പള്ളിക്കകത്ത് ബൂട്ടിട്ട് കയറിയതിനെ വിമർശിച്ച മുസ്ലിംലീഗും സി പി എമ്മും യാഥാർത്ഥ്യം മനസിലാക്കിയിട്ടില്ലെന്നും മഹല്ല് കമ്മിറ്റി അഭിപ്രായപ്പെട്ടു. പള്ളിയിലെ പൊലീസ് ഇടപെടലിൽ ആഭ്യന്തര വകുപ്പിന്റെ നടപടിക്ക് പിന്നാലെയാണ് മഹല്ല് കമ്മിറ്റി പൊലീസിനെ ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുന്നത്. പള്ളിയിലെ സംഭവങ്ങളുടെ പേരിൽ ചോമ്പാല സ്റ്റേഷനിലെ എസ് ഐ ഷമീൽ അടക്കം അഞ്ച് പൊലീസുകാരെ സ്ഥലം മാറ്റിയിരുന്നു.
കോഴിക്കോട് റൂറൽ പൊലീസ് ഹെഡ്ക്വാർട്ടേസിലേക്കാണ് എസ് ഐ ഷമീൽ അടക്കം അഞ്ച് പൊലീസുകാരെ സ്ഥലം മാറ്റിയത്. പയ്യോളി എസ് എച്ച് ഒ ജയ്‌മോൻ പി ജെയെ ചോമ്പാല എസ് എച്ച് ഒ ആയി നിയമിക്കുകയും ചെയ്തു. സംഭവത്തിന്റെ കൂടുതൽ സി സി ടി വി ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. ഇരുവിഭാഗം തമ്മിൽ സംഘർഷമുണ്ടാകുന്നതും പൊലീസ് ഇടപെടുന്നതുമാണ് സി സി ടി വി ദൃശ്യങ്ങളിലുള്ളത്. പൊലീസിനെതിരെയും പള്ളിക്കകത്ത് പ്രതിഷേധമുണ്ടായത് ദൃശ്യങ്ങളിൽ വ്യക്തമാണ്. നിലവിലെ ഖത്തീബിൻറെ നേതൃത്വത്തിൽ മൗലീദ് പാരായണം നടത്തിയതിനെ ഒരുവിഭാഗം എതിർത്തതോടെയാണ് പള്ളിയിൽ ചേരി തിരിഞ്ഞ് സംഘർഷമുണ്ടായത്. ബൂട്ടിട്ട് പള്ളിക്കകത്ത് കയറിയ പൊലീസുകാർക്കെതിരെ നടപടി വേണമെന്ന് ലീഗും കെ കെ രമ എം എൽ എയും ആവശ്യപ്പെട്ടിരുന്നു. സംഘർഷങ്ങൾക്കും പൊലീസ് നടപടിക്കും പിന്നിൽ മുസ്ലിം ലീഗാണെന്നാണ് സി പി എമ്മിന്റെ വിമർശനം.
മാടാക്കര പള്ളിയിലുണ്ടായ പൊലീസ് നടപടിയിൽ മുസ്ലിം ലീഗിനെതിരെ രൂക്ഷവിമർശനമാണ് സി പി എം ജില്ലാ കമ്മിറ്റി നടത്തിയത്. പൊലീസിനെ പള്ളിയിൽ വിളിച്ചുവരുത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കാനും വിശ്വാസികളെ മർദ്ദിക്കാനും നേതൃത്വം കൊടുത്തത് ലീഗാണെന്ന് സി പി എം ആരോപിച്ചു. കുറ്റ്യാടി എം എൽ എ പാറക്കൽ അബ്ദുള്ളയുടെ അറിവോടെയാണ് പൊലീസിനെ പള്ളിയിൽ എത്തിച്ചതെന്നും, ഇപ്പോൾ നടന്ന അക്രമങ്ങളുടെ ഉത്തരവാദിത്തം പൊലീസിന്റെ തലയിലിട്ട് തടിയൂരാനാണ് യു ഡി എഫ് സംസ്ഥാന നേതൃത്വം ശ്രമിക്കുന്നതെന്നും സി പി എം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































.jpg)
