കൊയിലാണ്ടി: ഓണക്കാലത്ത് പയ്യോളിക്കും ചെങ്ങോട്ടുകാവിനും ഇടയിൽ രൂപപ്പെട്ട രൂക്ഷമായ ഗതാഗതസ്തംഭനത്തിന് പരിഹാരംതേടി കെ. പ്രവീൺകുമാർ എം.എൽ.എ. വിളിച്ചുചേർത്ത യോഗത്തിൽ, നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിർമാണം പൂർത്തിയാക്കാത്ത കരാറുകാരുടെ നടപടിയിൽ പ്രതിഷേധം ഇരമ്പി. യോഗത്തിൽ പങ്കെടുത്ത ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നിർമാണപ്രവൃത്തി നീളുന്നതിൽ കടുത്ത അതൃപ്‌തിയും നീരസവും പ്രകടിപ്പിച്ചു.
കൊല്ലം കുന്നോറമല ഭാഗത്ത് 200 മീറ്റർ ദൈർഘ്യത്തിൽ മണ്ണിട്ടുയർത്തി ഗതാഗതയോഗ്യമാക്കിയാൽ, നന്തിമുതൽ ചെങ്ങോട്ടുകാവുവരെയുള്ള യാത്രാതടസ്സം മാറിക്കിട്ടും. ഇവിടെ ടാറിങ് പ്രവൃത്തി പിന്നീട് നടത്തിയാൽ മതിയെന്നും, മുഴുവനായി തുറന്നില്ലെങ്കിലും കാർ ഉൾപ്പെടെയുള്ള ചെറുവാഹനങ്ങൾ കടത്തിവിട്ടാൽത്തന്നെ യാത്രാതടസ്സത്തിന് ആശ്വാസമാകുമെന്നുമുള്ള പൊതുനിർദേശം യോഗത്തിൽ ഉയർന്നു. എന്നാൽ സാങ്കേതികകാരണങ്ങൾ പറഞ്ഞ് ഈ നിർദേശങ്ങളെ എൻ.എച്ച്.എ.ഐ. ഉദ്യോഗസ്ഥർ അവഗണിക്കുകയാണുണ്ടായത്.
റോഡുപണി തീർക്കുന്നതിൽ എന്താണ് തടസ്സമെന്ന ചോദ്യത്തിനും കുന്നോറമലയിൽ പത്ത് ലോഡ് ക്വാറിവേസ്റ്റ് ഇറക്കി ഒരു വരി ഗതാഗതമെങ്കിലും അനുവദിക്കണമെന്ന ആവശ്യത്തോടും വ്യക്തമായ മറുപടി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായില്ല. മഴക്കാലമായതിനാലാണ് പ്രവൃത്തി തടസ്സപ്പെട്ടതെന്ന് വിശദീകരിച്ച ഉദ്യോഗസ്ഥർ, ബുധനാഴ്ച സ്ഥലം സന്ദർശിച്ച് പ്രശ്നം പരിശോധിക്കാമെന്നും ദേശീയപാതയിലെ കുഴികൾ രണ്ടുദിവസത്തിനകം അടയ്ക്കാമെന്നും അറിയിച്ചു. കൊല്ലംമുതൽ കൊയിലാണ്ടി സ്റ്റേറ്റ് ബാങ്ക് വരെയും പഴയ ചിത്രാ ടാക്കീസ് മുതൽ അരങ്ങാടത്തുവരെയും റോഡരികിൽ കെട്ടിനിൽക്കുന്ന ചെളി നീക്കണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു.
ബൈപ്പാസ് നിർമാണപ്രവൃത്തി സമയബദ്ധമായി പൂർത്തിയാക്കിയില്ലെങ്കിൽ അതിശക്തമായ ജനരോഷം ഉയർന്നുവരുമെന്ന് കെ. പ്രവീൺകുമാർ എം.എൽ.എ. മുന്നറിയിപ്പുനൽകി. അലംഭാവം തുടർന്നാൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കൗൺസിലർ പി.എം. ബിജു വ്യക്തമാക്കി. കൊല്ലം, ആനക്കുളം റെയിൽവേ ഗേറ്റുകളിലെ ഗതാഗതതടസ്സം ഒഴിവാക്കാൻ കൂടുതൽ ട്രാഫിക് പോലീസിനെയും എ.ആർ. ക്യാമ്പിൽനിന്ന് അധിക സേനയെയും വിന്യസിക്കുമെന്ന് റൂറൽ എസ്.പി. മെറിൻ ജോസഫ് അറിയിച്ചു. അംഗീകാരമില്ലാത്ത സ്റ്റോപ്പുകളിൽ ബസുകൾ നിർത്തുന്നത് കർശനമായി തടയാനും തീരുമാനമായി.
കൊയിലാണ്ടി നഗരസഭാ ചെയർമാൻ യു.കെ. ചന്ദ്രൻ, വൈസ് ചെയർപേഴ്‌സൺ സി.ടി. ബിന്ദു, ഡെപ്യൂട്ടി കളക്ടർ എ. ജയശ്രീ, തഹസിൽദാർ വി. ബിന്ദു, എൻ.എച്ച്.എ.ഐ. അസി. എൻജിനിയർ പി.എം. വൈശാഖ് തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































