കോഴിക്കോട്: ഓണത്തെ വരവേൽക്കാനായി നാടും നഗരവും ഒരുപോലെ ഒരുങ്ങിക്കഴിഞ്ഞു. തെരുവോരങ്ങളിലും വഴിയോരച്ചന്തകളിലും സുഗന്ധം പരത്തി പൂക്കൾ തീർക്കുന്ന വർണാഭമായ ദൃശ്യവിരുന്ന് രാപകലില്ലാതെ സജ്ജീവമാണ്. ബെംഗളൂരു, മധുര, ഗുണ്ടൽപേട്ട് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽനിന്നാണ് തനിമ ചോരാതെ പൂക്കൾ കേരളത്തിലെ വിപണികളിലേക്ക് എത്തുന്നത്. തൊട്ടാൽ പൊള്ളുന്ന വിലയാണെങ്കിലും മലയാളിയുടെ പൂക്കളത്തോടുള്ള ആവേശം വാനോളമാണ്.
പാളയം മാർക്കറ്റടക്കം നഗരത്തിന്റെ പലയിടങ്ങളിലും പൂക്കവലകൾ സജ്ജീവമാണ്. പൂക്കളുടെ ഗുണമേന്മയും ഉറവിടവും അനുസരിച്ചാണ് ഓരോ കടയിലെയും വില നിശ്ചയിക്കപ്പെടുന്നത്. ബെംഗളൂരു, മധുരൈ എന്നിവിടങ്ങളിൽനിന്ന് എത്തുന്ന ഉയർന്ന നിലവാരമുള്ള പൂക്കൾക്ക് വിപണിയിൽ പ്രിയവും വിലയും കൂടുതലാണ്. അതേസമയം ഗുണ്ടൽപേട്ടിൽനിന്നുള്ളവ താരതമ്യേന കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്നുണ്ടെന്ന് കച്ചവടക്കാർ അഭിപ്രായപ്പെട്ടു. മൊത്ത-ചില്ലറവ്യാപാര വിപണികൾക്കിടയിലും വിലയിൽ പ്രകടമായ വ്യത്യാസം കാണാം. ഇത്തവണ വിപണിയിൽ തരംഗമുണ്ടാക്കുന്നത് കിലോയ്ക്ക് 900 രൂപയോളം വിലവരുന്ന അരളിപ്പൂക്കളാണ്. ജമന്തിപ്പൂക്കളിൽ വെള്ളയ്ക്ക് 500 രൂപയും മറ്റു നിറങ്ങൾക്ക് 400 രൂപയുമാണ് വില. പൂക്കളത്തിലെ പ്രധാനികളായ ചെണ്ടുമല്ലിയും വാടാമല്ലിയും കിലോയ്ക്ക് 100 മുതൽ 150 രൂപ വരെയുള്ള നിരക്കിലാണ് വിൽക്കുന്നത്.
തിരുവോണം അടുക്കുന്നതനുസരിച്ച് നിലവിലെ വിലയിൽ മാറ്റംവരാമെന്ന് കച്ചവടക്കാർ പറയുന്നു. എങ്കിലും വിപണിയിൽ കച്ചവടത്തിനോ ജനത്തിരക്കിനോ ഒരു കുറവുമില്ലെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു. ആണ്ടിലൊരിക്കൽ എത്തുന്ന ഓണം ഗംഭീരമായിത്തന്നെ ആഘോഷിക്കാൻ ചെലവിനെ വകവെക്കാതെ മലയാളികൾ പൂവിപണിയിലേക്ക് ഒഴുകിയെത്തുന്ന കാഴ്‌ചയാണ് എങ്ങും കാണാനാവുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































