പേരാമ്പ്ര: ദൈനംദിന നടത്തിപ്പിനുപോലും ഫണ്ടില്ലാതെ ചെറുവണ്ണൂരിലെ മാതൃകാ അഗ്രോ സർവീസ് സെന്റർ അടച്ചുപൂട്ടൽ ഭീഷണിയിൽ. തൈകളുടെയും ജൈവവളത്തിന്റെയും ഉത്പാദനവും വിൽപ്പനയും വഴി ലഭിക്കുന്ന വരുമാനത്തെ ആശ്രയിച്ചാണ് സെന്റർ പ്രവർത്തിക്കുന്നത്. എന്നാൽ കൃഷിവകുപ്പിന്റെ പദ്ധതി വിഹിതം വെട്ടിച്ചുരുക്കിയതോടെ വാടകയ്ക്കെടുത്ത സ്ഥലത്ത് പ്രവർത്തിക്കുന്ന നഴ്‌സറിയുടെ പ്രതിമാസ വാടകയായ ഒമ്പതിനായിരം രൂപ നൽകാൻപോലും അധികൃതർ പ്രയാസപ്പെടുകയാണ്.
നേരത്തേ വിപുലമായ രീതിയിൽ തൈകൾ ഉത്പാദിപ്പിച്ച് വിറ്റിരുന്ന കേന്ദ്രത്തിൽ നിലവിൽ ഉത്പാദനം പേരിന് മാത്രമായി ചുരുങ്ങി. ഇതോടെ മുൻപുണ്ടായിരുന്ന 23 തൊഴിലാളികളുടെ എണ്ണം 14 ആയി കുറഞ്ഞു. ജോലിയുള്ള ദിവസങ്ങളിൽ മാത്രമാണ് ഇവരെ വിളിക്കാറുള്ളത്. കേന്ദ്രത്തിന്റെ മേൽനോട്ടച്ചുമതലയുള്ള ഫെസിലിറ്റേറ്റർ തസ്തികയിൽ ഒഴിവ് വന്നിട്ട് മൂന്ന് വർഷമായെങ്കിലും റിട്ട. കൃഷി ഓഫീസർമാരെ നിയമിക്കാൻ നടപടിയുണ്ടായിട്ടില്ല. നിലവിൽ ഒരു തൊഴിലാളിക്കാണ് സ്ഥാപനത്തിന്റെ താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്.
ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന കൃഷിയന്ത്രങ്ങൾ അറ്റകുറ്റപ്പണി നടത്താത്തതിനാൽ സെന്ററിൽ നശിക്കുകയാണ്. രണ്ട് ട്രാക്ടറുകളിൽ ഒന്നും ഏഴ് ടില്ലറുകളിൽ രണ്ടെണ്ണവും ആറ് കുറ്റിക്കാട് വെട്ടുന്ന യന്ത്രങ്ങളിൽ ഒരെണ്ണവും മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. കൊയ്ത്ത്-മെതി യന്ത്രങ്ങളും റീപ്പറും ഉപയോഗശൂന്യമായി കിടക്കുന്നു. ഇവ സൂക്ഷിക്കാൻ അനുയോജ്യമായ ഷെഡുകളില്ലാത്തതിനാൽ താർപ്പായയ്ക്ക് താഴെയാണ് യന്ത്രങ്ങൾ നിർത്തിയിട്ടിരിക്കുന്നത്.
കുറഞ്ഞ വാടകയ്ക്ക് യന്ത്രങ്ങളും അവ പ്രവർത്തിപ്പിക്കാൻ തൊഴിലാളികളെയും നൽകിയിരുന്നതിനാൽ വലിയ സ്വീകാര്യതയായിരുന്നു കേന്ദ്രത്തിനുണ്ടായിരുന്നത്. എന്നാൽ യന്ത്രങ്ങൾ പടികടന്നതോടെ സെന്ററിന്റെ പ്രധാന വരുമാനമാർഗവും അടഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയോ സർക്കാരിന്റെയോ അടിയന്തര ഫണ്ട് ലഭ്യമാക്കാത്തപക്ഷം ഈ മാതൃകാ കാർഷിക കേന്ദ്രത്തിന്റെ പ്രവർത്തനം പൂർണ്ണമായും നിലയ്ക്കുന്ന അവസ്ഥയിലാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































