തിരുവനന്തപുരം: പോലീസ് സ്റ്റേഷൻ ജനങ്ങൾക്ക് ഭയത്തിന്റെ ഇടമല്ല, മറിച്ച് സഹായവും സംരക്ഷണവും ലഭിക്കുന്ന കേന്ദ്രമായി മാറണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. പോലീസിനെക്കുറിച്ചുള്ള പഴയകാല ഭയത്തിന്റെ ധാരണകൾ മാറ്റി, അവർ തങ്ങളുടെ സുഹൃത്തും സഹായിയുമാണെന്ന വിശ്വാസം പൊതുജനങ്ങളിൽ വളർത്തിയെടുക്കണം. അതേസമയം കുറ്റകൃത്യങ്ങൾ ചെയ്താൽ പോലീസ് പിടി കൂടുമെന്ന ഭയം കുറ്റവാളികൾക്ക് ഉണ്ടായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരം പേരൂർക്കട പോലീസ് സ്റ്റേഷനിൽ കേരള പോലീസിന്റെ 'മൈ പോലീസ് സ്റ്റേഷൻ' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോലീസ് സ്റ്റേഷനിലെത്തുന്ന പ്രായമായവർ, സ്ത്രീകൾ, കുട്ടികൾ എന്നിവരോടെല്ലാം ഉദ്യോഗസ്ഥർ സൗമ്യതയോടെയും സ്നേഹത്തോടെയും പെരുമാറണം. ആധുനിക സാങ്കേതികവിദ്യകളായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് എന്നിവ പ്രയോജനപ്പെടുത്തി കുറ്റകൃത്യങ്ങൾ തടയുന്നതിൽ കൂടുതൽ പ്രൊഫഷണൽ സമീപനം സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ കേരള പോലീസിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമായി മുന്നോട്ട് പോകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ചടങ്ങിൽ പദ്ധതിയുടെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു.
കേരള പോലീസിന്റെ ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു നാഴികക്കല്ലാണ് ഈ പദ്ധതിയെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ആഭ്യന്തരവകുപ്പ് മന്ത്രി വ്യക്തമാക്കി. പോലീസ് സ്റ്റേഷൻ പരിസരങ്ങളിൽ വർഷങ്ങളായി കിടക്കുന്ന ഉപയോഗശൂന്യമായ വാഹനങ്ങൾ നീക്കം ചെയ്യുന്ന നടപടികൾ വേഗത്തിലാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാന ചരിത്രത്തിലാദ്യമായി 63 പോലീസ് സ്റ്റേഷനുകളിൽ വനിതകളെ സ്റ്റേഷൻ ഹൗസ് ഓഫീസർമാരായി (SHO) നിയമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
പുതിയ മാറ്റങ്ങൾ പോലീസ് സേനയെ കൂടുതൽ ശക്തമാക്കുമെന്ന് ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി പറഞ്ഞു. ചടങ്ങിൽ തിരുവനന്തപുരം മേയർ, സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ, ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലം, മുൻ ഡി.ജി.പി. എ. ഹേമചന്ദ്രൻ, എ.ഡി.ജി.പി. പി. വിജയൻ, സിറ്റി പോലീസ് കമ്മീഷണർ, പേരൂർക്കട എസ്.എച്ച്.ഒ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































