അഴിയൂർ: പൊതുശ്‌മശാനമെന്ന അഴിയൂർ പഞ്ചായത്തിന്റെ മൂന്നുപതിറ്റാണ്ട് പഴക്കമുള്ള സ്വപ്നം ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുന്നു. ശിലാസ്ഥാപനം നടത്തി നിർമാണപ്രവർത്തികൾ തുടങ്ങിയ ഘട്ടത്തിൽ സ്ഥലത്തെച്ചൊല്ലി തർക്കമുണ്ടായതാണ് പദ്ധതി മുടങ്ങാൻ കാരണം. ശ്‌മശാനത്തിനായി നീക്കിവെച്ച ഭൂമിയിൽ റെയിൽവേയുടെ സ്ഥലവും ഉൾപ്പെടുന്നുണ്ടെന്ന അവകാശവാദം ഉയർന്നതോടെയാണ് പണി നിർത്തിവെക്കേണ്ടി വന്നത്. എന്നാൽ ഈ തർക്കം പരിഹരിക്കാനുള്ള ശ്രമങ്ങളൊന്നും ഇതുവരെ എങ്ങുമെത്തിയിട്ടില്ല.
മാഹി റെയിൽവേ സ്റ്റേഷന് കിഴക്കു-വടക്കായി കക്കടവ് റോഡിൽനിന്ന് നൂറുമീറ്റർ മാറി മയ്യഴിപ്പുഴയുടെ ഓരത്തുള്ള 50 സെന്റ് കൃഷിഭൂമിയാണ് ശ്മശാനത്തിനുവേണ്ടി അനുവദിച്ചിരുന്നത്. 1995-2000 കാലഘട്ടത്തിൽ എം.സി. പ്രേമജ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ അന്നത്തെ റവന്യൂമന്ത്രി കെ.ഇ. ഇസ്മയിലിൽ സമ്മർദം ചെലുത്തി നേടിയെടുത്തതാണ് ഈ സ്ഥലം. തീരദേശ പരിപാലന ചട്ടത്തിൽ ഇളവ് നേടി മണ്ണിട്ടുനികത്തി പ്രത്യേക റോഡും നിർമിച്ചിരുന്നു. പരിസ്ഥിതി മന്ത്രാലയത്തിന്റെയും ജില്ലാ മെഡിക്കൽ ഓഫീസറുടെയും നിർദേശപ്രകാരം അനാവശ്യ മലിനീകരണമില്ലാതെ ആധുനിക രീതിയിലാണ് നിർമാണം ലക്ഷ്യമിട്ടിരുന്നത്.
പഞ്ചായത്തിന്റെ പ്ലാനിങ് ഫണ്ടിൽനിന്ന് 20 ലക്ഷവും ജില്ലാ പഞ്ചായത്ത് ഫണ്ടിൽനിന്ന് 40 ലക്ഷവും വകയിരുത്തി, 2022-ൽ മാറിയെത്തിയ ഭരണസമിതിയുടെ നേതൃത്വത്തിൽ ഉദ്ഘാടനം നടത്തി നിർമാണം തുടങ്ങുകയും ചെയ്തു. എന്നാൽ സിൽക്ക് (SILK) എന്ന സ്ഥാപനത്തിന്റെ നേതൃത്വത്തിൽ പൈലിങ് ജോലികൾ തുടങ്ങിയപ്പോഴാണ് റെയിൽവേ ഭൂമിക്കുമേൽ അവകാശവാദം ഉന്നയിക്കുന്നത്. ഇതോടെ പണി പൂർണമായും നിലച്ചു. നിലവിൽ ഉദ്ഘാടന ശിലാഫലകം സമീപത്തെ വീട്ടുവളപ്പിലും സ്ഥലം കാടുപിടിച്ച നിലയിലുമാണ്. ജില്ലാ കളക്ടർ ഇടപെട്ട് ഭൂമി പരിശോധിച്ച് തർക്കം പരിഹരിച്ചാൽ മാത്രമേ നാടിന്റെ ഈ സ്വപ്നപദ്ധതി യാഥാർഥ്യമാവുകയുള്ളൂ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































