വടകര: പുത്തൂരിലും പരിസരങ്ങളിലും തുടർച്ചയായി ശൗചാലയമാലിന്യം തോട്ടിലേക്കും കനാലിലേക്കും തള്ളിയ സംഘത്തെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി പോലീസിലേൽപ്പിച്ചു. ടാർപോളിൻ ഷീറ്റുകൊണ്ട് മൂടി ടാങ്കറാണെന്ന് തിരിച്ചറിയാത്തവിധം സജ്ജമാക്കിയ ലോറിയും ഇതിന് എസ്കോർട്ടായി വന്ന ജീപ്പും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാമനാട്ടുകര വൈദ്യരങ്ങാടി കാലേട്ട്താഴ ഉമ്മർ, പൈക്കലത്തൊടി നൗഷാദ് എന്നിവരാണ് അറസ്റ്റിലായത്. രക്ഷപ്പെട്ട ലോറിഡ്രൈവർ മിഥുനായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി. അറസ്റ്റിലായ പ്രതികളെ വടകര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തു.
മുൻപും പലതവണ പുത്തൂരിലും അക്ലോത്ത് നട കനാലിലും മാലിന്യം ഒഴുക്കിയിരുന്ന സംഘം ബുധനാഴ്ച പുലർച്ചെ വീണ്ടും മാലിന്യം തള്ളാനെത്തിയപ്പോഴാണ് സമീപവാസിയായ മുസ്തഫയുടെയും എ.വി. ഗഫൂറിന്റെയും ശ്രദ്ധയിൽപ്പെട്ടത്. സംഭവം ചോദ്യംചെയ്ത നാട്ടുകാരെ ലോറി മുന്നോട്ടെടുത്ത് തട്ടിത്തെറിപ്പിച്ച് അപായപ്പെടുത്താനും ഡ്രൈവർ ശ്രമിച്ചു. തുടർന്ന് കടന്നുകളഞ്ഞ ലോറിയെയും എസ്കോർട്ട് ജീപ്പിനെയും നാട്ടുകാർ കാറുകളിൽ പിന്തുടർന്ന് നാദാപുരം പോലീസിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു. ആദ്യഘട്ടത്തിൽ കുറ്റം നിഷേധിച്ച ജീപ്പിലുണ്ടായിരുന്നവർ സി.സി.ടി.വി. ദൃശ്യങ്ങൾ കണ്ടതോടെയാണ് എസ്കോർട്ട് വന്നതാണെന്ന് സമ്മതിച്ചത്. ഇവർ വിളിച്ചുവരുത്തിയ ഡ്രൈവർ ലോറി പോലീസ് സ്റ്റേഷൻ റോഡിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
ഹോട്ടലുകളിൽനിന്നും വീടുകളിൽനിന്നും പതിനായിരം രൂപയ്ക്ക് കരാറെടുത്ത് മാലിന്യം ശേഖരിക്കുന്ന സംഘം, സാധാരണ ലോറിയെന്ന് തോന്നിപ്പിക്കാൻ ടാങ്കറിന് മുകളിൽ പ്ലാസ്റ്റിക് ഷീറ്റ് മൂടിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. പൊതുശല്യം ഉണ്ടാക്കൽ, രോഗം പടർത്താൻ ഇടയാക്കുന്ന പ്രവർത്തനം, ജലസ്രോതസ്സുകൾ മലിനമാക്കൽ തുടങ്ങിയ അഞ്ച് വിവിധ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിട്ടുള്ളത്. വാഹനം കണ്ടുകെട്ടാൻ ആർ.ഡി.ഒ.യ്ക്ക് കത്തുനൽകുമെന്നും പിഴ ഈടാക്കുമെന്നും നഗരസഭ അറിയിച്ചു. മലിനീകരണത്തെ തുടർന്ന് പ്രദേശത്തെ കിണറുകളിലെയും മറ്റ് ജലസ്രോതസ്സുകളിലെയും വെള്ളം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































