താമരശ്ശേരി: കട്ടിപ്പാറ അമ്പായത്തോട്ടിൽ പ്രവർത്തിക്കുന്ന 'ഫ്രഷ് കട്ട് ഓർഗാനിക് പ്രൊഡക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന കോഴിയറവുമാലിന്യ സംസ്കരണ പ്ലാന്റ് താത്കാലികമായി അടച്ചിടാൻ ധാരണയായതിനെത്തുടർന്ന് ജനകീയ സമരസമിതി സമരം അവസാനിപ്പിച്ചു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ പൂട്ടൽ ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ടുള്ള ഹൈക്കോടതി വിധിയിൽ അന്തിമതീർപ്പുണ്ടാകുന്നതുവരെ പ്ലാന്റിൽ മാലിന്യസംസ്കരണം നിർത്തിവെക്കാൻ താമരശ്ശേരി പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ഇതിനെത്തുടർന്ന് പി.കെ. ഫിറോസ് എം.എൽ.എ.യുടെ നേതൃത്വത്തിൽ ജനകീയ സമരസമിതി പ്ലാന്റ് പരിസരത്ത് വെള്ളിയാഴ്ച ആരംഭിച്ച അനിശ്ചിതകാല ഉപരോധസമരം ശനിയാഴ്ച രാത്രിയോടെ അവസാനിപ്പിക്കുകയായിരുന്നു.
ഹൈക്കോടതിയുടെ നിർദേശപ്രകാരം മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതരും കളക്ടർ നിയോഗിക്കുന്ന ഉദ്യോഗസ്ഥനും തിങ്കളാഴ്ച പ്ലാന്റിൽ പരിശോധന നടത്തും. ഈ കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കും. പ്ലാന്റിലേക്ക് ഗുഡ്‌സ് വാഹനങ്ങൾ കടത്തിവിടില്ലെന്നും സർക്കാർ പിന്തുണയോടെ ജനവാസമേഖലയല്ലാത്ത മറ്റേതെങ്കിലും സ്ഥലത്തേക്ക് പ്ലാന്റ് മാറ്റിസ്ഥാപിക്കണമെന്നും ചർച്ചയിൽ ധാരണയായി. അതേസമയം, താമരശ്ശേരി പഞ്ചായത്ത് സെക്രട്ടറി പൂട്ടാൻ നോട്ടീസ് നൽകിയിട്ടും പഞ്ചായത്ത് അതിർത്തിയിൽ പ്രവർത്തിച്ചുവരുന്ന ചിരട്ടക്കരി ഉത്പാദന യൂണിറ്റിൽനിന്നാണ് രാത്രികാലങ്ങളിൽ കടുത്ത ദുർഗന്ധം വമിക്കുന്നതെന്ന് ഫ്രഷ് കട്ട് അധികൃതർ യോഗത്തിൽ ആരോപിക്കുകയും, അക്കാര്യം അന്വേഷിക്കാൻ യോഗം തീരുമാനിക്കുകയും ചെയ്തു.
മുൻമന്ത്രി ഡോ. എം.കെ. മുനീർ, എം.എൽ.എ.മാരായ പി.കെ. ഫിറോസ്, സി.കെ. കാസിം, എം.എ. റസാഖ്, താമരശ്ശേരി ഡിവൈ.എസ്.പി. കെ.എ. ബോസ്, കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് പി. സജീന, സമരസമിതി ഭാരവാഹികൾ, ഫ്രഷ്‌കട്ട് മാനേജ്‌മെന്റ് പ്രതിനിധികൾ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. ചർച്ചയുടെ വിശദാംശങ്ങൾ രാത്രി വൈകുവോളം പ്ലാന്റ് പരിസരത്തെ സമരപ്പന്തലിൽ തമ്പടിച്ചിരുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന സമരസമിതി പ്രവർത്തകർ മുൻപാകെ പി.കെ. ഫിറോസ് എം.എൽ.എ.യും മറ്റ് ജനപ്രതിനിധികളും വിശദീകരിച്ചു. തുടർന്ന് പാട്ടുപാടിയും നൃത്തംചെയ്തും മധുരപലഹാരങ്ങൾ വിതരണംചെയ്തും ആഹ്ലാദം പ്രകടിപ്പിച്ചശേഷമാണ് പ്രദേശവാസികൾ സമരം അവസാനിപ്പിച്ചത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group


















































