തൊട്ടിൽപ്പാലം: കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ ടയറുകളുടെ ലഭ്യത കുറഞ്ഞതോടെ ബസ് സർവീസുകൾ കടുത്ത പ്രതിസന്ധിയിലായി. മാസത്തിൽ എട്ടു മുതൽ പത്തു വരെ പുതിയ ടയറുകൾ ലഭിക്കേണ്ട സ്ഥാനത്ത് കഴിഞ്ഞ ഒരു മാസമായി പുതിയ ടയറുകളോ റീസോൾ ചെയ്ത ടയറുകളോ ഡിപ്പോയിൽ എത്തിയിട്ടില്ല. എടപ്പാളിലെ റീസോളിങ് കേന്ദ്രത്തിലേക്ക് അയക്കുന്ന ടയറുകളിൽ പകുതി പോലും ത്രഡ് മെറ്റീരിയലിന്റെ ക്ഷാമം കാരണം തിരികെ ലഭിക്കുന്നില്ലെന്ന് ജീവനക്കാർ വ്യക്തമാക്കുന്നു.
ടയർക്ഷാമം രൂക്ഷമായതോടെ ഒരു ബസിലെ ടയറുകൾ അഴിച്ചെടുത്ത് മറ്റ് ബസുകളിൽ മാറ്റിയിട്ടാണ് നിലവിൽ സർവീസുകൾ നടത്തുന്നത്. ഇത് യാത്രക്കാരുടെ സുരക്ഷയെ തന്നെ ഗുരുതരമായി ബാധിക്കുന്നുണ്ട്. കുറ്റ്യാടി ചുരം പോലുള്ള ഹൈറേഞ്ച് റൂട്ടുകളിൽ തേഞ്ഞ ടയറുകളുമായി സർവീസ് നടത്തുന്നത് വൻ അപകടസാധ്യത ഉയർത്തുന്നു. കഴിഞ്ഞ ദിവസം തേഞ്ഞ ടയറുമായി ഓടിയ പ്രിയദർശിനി ബസിന്റെ ടയർ പെരിങ്ങത്തൂരിൽ വെച്ച് പൊട്ടിത്തെറിച്ചിരുന്നു. കൂടാതെ, ചുരം റൂട്ടുകളിൽ ഓടുന്ന 15 വർഷത്തിലധികം പഴക്കമുള്ള ബസുകളിൽ തേഞ്ഞ ടയറുകൾ കൂടിയാകുമ്പോൾ മഴക്കാലത്ത് ബ്രേക്ക് ലഭിക്കാതെ അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയേറെയാണെന്ന് ഡ്രൈവർമാർ മുന്നറിയിപ്പ് നൽകുന്നു.
ടയർ പ്രതിസന്ധിക്ക് പുറമേ സ്പെയർപാർട്സുകളുടെ ലഭ്യതക്കുറവും ഡിപ്പോകളെ വലയ്ക്കുന്നുണ്ട്. കോഴിക്കോട് റീജണൽ ഗാരേജിൽ നിന്ന് ആവശ്യത്തിന് സ്പെയർപാർട്സുകൾ എത്തുന്നില്ല. സ്വകാര്യ ഓട്ടോമൊബൈൽ സ്ഥാപനങ്ങളിൽ നിന്ന് സ്പെയർപാർട്സുകൾ വാങ്ങരുതെന്ന ഉന്നതാധികാരികളുടെ നിർദേശവും ഫണ്ടിന്റെ കുറവും സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കുന്നു. സ്പെയർപാർട്സുകളും ടയറുകളും ലഭിക്കാത്തതിനെ തുടർന്ന് ജില്ലയിലെ വിവിധ ഡിപ്പോകളിലായി നിരവധിയേറെ ബസുകളാണ് നിലവിൽ കട്ടപ്പുറത്തുള്ളത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group


















































