താമരശ്ശേരി: ഒൻപതരമാസം മുൻപ് പോലീസും നാട്ടുകാരും തമ്മിൽ ഏറ്റുമുട്ടൽ നടന്ന അതേമണ്ണിൽ ഫ്രഷ് കട്ട് മാലിന്യസംസ്കരണ പ്ലാന്റിനെതിരെ ജനങ്ങൾ വീണ്ടും അനിശ്ചിതകാല ഉപരോധസമരം ആരംഭിച്ചു. 'ഫ്രഷ് കട്ട് ഓർഗാനിക് പ്രോഡക്‌ട്‌സ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന സ്വകാര്യ കോഴിയറവുമാലിന്യ സംസ്‌കരണ പ്ലാൻ്റ് പൂട്ടാനുള്ള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ ഉത്തരവിന് തൊട്ടുപിറ്റേന്ന് ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചതോടെയാണ് ജനകീയ സമരസമിതി വീണ്ടും പ്രക്ഷോഭ രംഗത്തിറങ്ങിയത്. ശുദ്ധമായ വായുവിനും ജലത്തിനും വേണ്ടിയുള്ള പോരാട്ടം വിജയം കാണുംവരെ തുടരുമെന്ന് പ്രഖ്യാപിച്ച് കോരിച്ചൊരിയുന്ന മഴയെയും അവഗണിച്ചാണ് സമരക്കാർ പ്ലാന്റിലേക്കുള്ള റോഡിൽ തമ്പടിച്ചിരിക്കുന്നത്.
പി.കെ. ഫിറോസ് എം.എൽ.എ. ഉദ്ഘാടനം ചെയ്ത ഉപരോധസമരത്തിൽ സി.കെ. കാസിം എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി. ഹൈക്കോടതി അന്തിമതീർപ്പ് കൽപ്പിക്കുന്നത് വരെ പ്ലാന്റ് തുറക്കരുതെന്ന് ആവശ്യപ്പെട്ട പി.കെ. ഫിറോസ്, കമ്പനിക്ക് അനുകൂലമായ റിപ്പോർട്ട് നൽകിയ കട്ടിപ്പാറ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കടുത്ത വിമർശനമുന്നയിച്ചു. ജനാധിപത്യരീതിയിൽ സമാധാനപരമായി സമരം മുന്നോട്ടുകൊണ്ടുപോകാനാണ് തീരുമാനമെന്നും പ്ലാന്റിലേക്ക് വാഹനങ്ങൾ കടന്നുവരുന്നത് പോലീസ് തടയണമെന്നും അധ്യക്ഷത വഹിച്ച സമരസമിതി ചെയർമാൻ ബാബു കുടുക്കിൽ വ്യക്തമാക്കി. എം.എൽ.എമാർ രണ്ടുപേരും രാത്രി വൈകുംവരെ സമരപ്പന്തലിലിരുന്ന് നാട്ടുകാർക്ക് പിന്തുണയറിയിച്ചു.
ഹൈക്കോടതി നിർദേശപ്രകാരം ഇൻസ്പെക്‌ടർ വി.എസ്. കിരണിന്റെ നേത്യത്വത്തിൽ ശക്തമായ പോലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. പ്ലാന്റിലേക്ക് വാഹനമെത്തിക്കാൻ സൗകര്യമൊരുക്കണമെന്ന് മാനേജ്‌മെന്റ് ആവശ്യപ്പെട്ടതിനെ തുടർന്ന് ഡിവൈ.എസ്.പി. കെ.എ. ബോസിന്റെയും റവന്യൂ അധികൃതരുടെയും സാന്നിധ്യത്തിൽ ചർച്ച നടന്നു. പ്ലാന്റിലെ തൊഴിലാളികൾക്കും ജീവനക്കാർക്കും കടന്നുപോവാമെന്നും എന്നാൽ ഒരു കാരണവശാലും മാലിന്യവണ്ടികൾ കടത്തിവിടില്ലെന്നുമുള്ള ശക്തമായ നിലപാടിലാണ് ജനകീയ സമരസമിതി. അംബിക മംഗലത്ത്, റസീന സിയാലി, അന്നക്കുട്ടി ദേവസ്യ, പി.കെ. സൗദ, പി. ഗിരീഷ് കുമാർ, സണ്ണി കാപ്പാട്ടുമല, എസ്.പി. ഷഹന, അലക്സ‌് തോമസ്, കെ.കെ. മുജീബ്, പുഷ്‌പൻ നന്ദൻസ്, തമ്പി പറകണ്ടത്തിൽ തുടങ്ങിയവർ സംസാരിച്ച ഉപരോധസമരം രാത്രിയും തുടർന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group


















































