തിരുവനന്തപുരം: സാമൂഹിക സുരക്ഷാ ക്ഷേമപെൻഷൻ ഗുണഭോക്താക്കളുടെ വീടുകളിലെത്തിച്ച് വിതരണം ചെയ്യുന്ന നിലവിലെ രീതി അവസാനിപ്പിക്കാൻ സർക്കാർ നീക്കം. സഹകരണ ബാങ്കുകൾ വഴി നേരിട്ട് വീടുകളിലെത്തിക്കുന്ന പെൻഷൻ വിതരണത്തിന് പകരം ആധാർ ബന്ധിത ബാങ്ക് അക്കൗണ്ടിലൂടെ മാത്രം പെൻഷൻ നൽകുന്ന സംവിധാനത്തിലേക്ക് മാറാനാണ് തീരുമാനം.
പുതിയ സംവിധാനത്തിന് സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയതായാണ് റിപ്പോർട്ട്. എന്നാൽ കിടപ്പുരോഗികൾ, അംഗപരിമിതർ, അതീവ അവശരായവർ, സമീപത്ത് ബാങ്കോ എ.ടി.എമ്മോ ഇല്ലാത്തവർ തുടങ്ങിയവരെ പുതിയ പരിഷ്കാരത്തിൽ നിന്ന് ഒഴിവാക്കണമെന്ന നിർദേശവും പരിഗണനയിലുണ്ട്. ഇവർക്ക് പെൻഷൻ വീട്ടിലെത്തിച്ച് നൽകുന്നത് തുടരാനാണ് സാധ്യത.
നിലവിൽ സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട സംഘങ്ങളിലൂടെയാണ് വലിയൊരു വിഭാഗം ഗുണഭോക്താക്കൾക്ക് ക്ഷേമപെൻഷൻ വീടുകളിലെത്തിക്കുന്നത്. പെൻഷൻ വിതരണം ചെയ്യുന്നതിനായി സംസ്ഥാനത്ത് നിരവധി സഹകരണ സംഘങ്ങളും ഏജന്റുമാരും പ്രവർത്തിക്കുന്നുണ്ട്. പുതിയ തീരുമാനം നടപ്പിലായാൽ ഈ സംവിധാനത്തെ ആശ്രയിക്കുന്ന വലിയൊരു വിഭാഗം ഗുണഭോക്താക്കൾക്ക് ബാങ്ക് അക്കൗണ്ട് വഴി പെൻഷൻ സ്വീകരിക്കേണ്ടിവരും.
കേന്ദ്ര നിർദേശവും പരിഗണനയിൽ
പെൻഷൻ വിതരണം പൂർണമായും ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (DBT) സംവിധാനത്തിലേക്ക് മാറ്റണമെന്ന കേന്ദ്ര നിർദേശവും പരിഷ്കാരത്തിന് പിന്നിലുണ്ട്. ആധാർ അധിഷ്ഠിത ബാങ്ക് അക്കൗണ്ട് വഴി പണം കൈമാറുന്നതിലൂടെ അർഹതയില്ലാത്തവരുടെ പേരിലുള്ള പെൻഷൻ വിതരണം തടയാനും ഒരാൾക്ക് ഒന്നിലധികം തവണ പെൻഷൻ ലഭിക്കുന്ന സാഹചര്യം ഒഴിവാക്കാനും കഴിയുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.
അതേസമയം, വീടുകളിൽ നേരിട്ട് പെൻഷൻ എത്തിക്കുന്നതിനുള്ള ചെലവ് സഹകരണ സംഘങ്ങൾക്ക് തിരിച്ചടയ്ക്കേണ്ട സാഹചര്യം ഒഴിവാക്കാനാകുമെന്നും ഇതുവഴി സർക്കാരിന് സാമ്പത്തിക ലാഭമുണ്ടാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പുതിയ തീരുമാനം ആശങ്കയാകുന്നത് ആയിരക്കണക്കിന് പേർക്ക്
ബാങ്കിലോ എ.ടി.എമ്മിലോ എത്താൻ കഴിയാത്ത വയോധികർ, കിടപ്പുരോഗികൾ, അംഗപരിമിതർ തുടങ്ങിയവർക്കാണ് പരിഷ്കാരം കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുക. അതിനാൽ ഇവർക്കായി പ്രത്യേക സംവിധാനം വേണമെന്ന ആവശ്യം ശക്തമാണ്.
പുതിയ രീതി എന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന കാര്യത്തിൽ അന്തിമ തീരുമാനം വ്യക്തമാക്കിയിട്ടില്ല. നിലവിലെ സംവിധാനത്തിൽ നിന്ന് പുതിയ ബാങ്ക് അക്കൗണ്ട് അധിഷ്ഠിത വിതരണത്തിലേക്കുള്ള മാറ്റം സംബന്ധിച്ച കൂടുതൽ നിർദേശങ്ങൾ സർക്കാർ പിന്നീട് പുറത്തിറക്കുമെന്നാണ് സൂചന.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group


















































