തലശ്ശേരി: എം.ഡി.എം.എ വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട കേസിൽ വൻ വഴിത്തിരിവ്. ലഹരി ഇടപാടുകൾക്കായി വ്യാജ രേഖകൾ നിർമ്മിച്ച് നൽകിയിരുന്ന രണ്ടുപേരെ ബംഗളൂരുവിൽ നിന്ന് തലശ്ശേരി പോലീസ് പിടികൂടി. എറണാകുളം പള്ളുരുത്തി സ്വദേശി റിഷാദ് റാസ്റിഷ വില്ല, കാസർകോട് മൊഗ്രാൽ സ്വദേശി അബ്ദുൾ റഹ്മാൻ കുറ്റിയൻ വളപ്പിൽ ഹൗസ് എന്നിവരാണ് പിടിയിലായത്.
പാൻ കാർഡുകൾ, ഡ്രൈവിംഗ് ലൈസൻസുകൾ, ആധാർ കാർഡുകൾ, വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ എന്നിവ വ്യാജമായി ഉണ്ടാക്കുകയും വ്യാജ ബാങ്ക് അക്കൗണ്ടുകൾ തുടങ്ങാൻ സഹായിക്കുകയും ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവർ.
'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി തലശ്ശേരി പോലീസ് നടത്തിയ അന്വേഷണത്തിൽ ലഹരി ശൃംഖലയിലെ മുഖ്യപ്രതിയായ തലശ്ശേരി ചിറക്കര സ്വദേശി മുജി താബയെ കഴിഞ്ഞ ദിവസം ബംഗളൂരുവിൽ നിന്ന് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് വ്യാജരേഖ നിർമ്മാണ സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിക്കുന്നത്.
ലഹരി ഇടപാടിലൂടെ ലഭിക്കുന്ന പണം മൈസൂരിലെ ഒരു ബാങ്ക് അക്കൗണ്ടിലേക്കാണ് എത്തിയിരുന്നത്. ഈ അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രത്യേക അന്വേഷണ സംഘത്തെ ബംഗളൂരുവിൽ എത്തിച്ചത്. തെരുവിൽ കഴിയുന്നവരുടെ ആധാർ വിവരങ്ങൾ സംഘടിപ്പിച്ചാണ് ഇവർ വിവിധ ബാങ്കുകളിൽ നിരവധി വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി ലഹരിപ്പണം കൈമാറിയിരുന്നത്. പിടിയിലായ ഇരുവരുടെയും പേരിൽ നേരത്തെയും നിരവധി കേസുകളുണ്ട്.
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ വിജയ് ഭാരത് റെഡ്ഡിയുടെ നിർദേശപ്രകാരം തലശ്ശേരി എ.എസ്.പി ഡോ. നന്ദഗോപന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. തലശ്ശേരി പോലീസ്, ഡാൻസാഫ് ടീം, എ.എസ്.പിയുടെ സ്ക്വാഡ് എന്നിവർ ചേർന്നാണ് പ്രതികളെ വലയിലാക്കിയത്.
വ്യാജ രേഖകൾ നിർമ്മിച്ചതുമായി ബന്ധപ്പെട്ട് പോലിസ് അന്വേഷണം നടത്തി കൊണ്ടിരിക്കയാണെന്ന് തലശേരി എഎസ് പി നന്ദഗോപൻ ഐ പി എസ് പറഞ്ഞു
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































