മലപ്പുറം: കുറ്റിപ്പുറത്ത് ദേശീയപാതയിൽ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് ഉണ്ടായ അപകടത്തിൽ റിപ്പോർട്ട് നൽകി മോട്ടോർ വാഹന വകുപ്പ്. അപകട കാരണം ബസിന്റെ അമിത വേഗതയെന്നാണ് മോട്ടോർ വാഹന വകുപ്പ് ഗതാഗത കമ്മീഷണർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. വളവുകളിൽ അനുവദിച്ചിട്ടുള്ള പരമാവധി വേഗത മണിക്കൂറിൽ 50 കിലോമീറ്ററാണെന്നും എന്നാൽ അപകടത്തിൽ പെട്ട ബസ് അനുവദിച്ചതിലും ഇരട്ടി വേഗത്തിലാണ് ഓടിച്ചതെന്നുമാണ് റിപ്പോർട്ട്.
അപകട സ്ഥലത്ത് അടുത്തടുത്തായി രണ്ട് വളവുകളാണ് ഉള്ളതെന്നും അമിത വേഗതയിൽ ആയതിനാൽ ഒരു വളവ് കഴിഞ്ഞു രണ്ടാമത്തേത് വളക്കാൻ ശ്രമിച്ചപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ടുവെന്നും റിപ്പോർട്ടിൽ പറയുന്നു. ബസിൻ്റെ അമിത വേഗത ഹൈഡ്രോപ്ലെയിനിങ് പ്രതിഭാസത്തിന് വഴിവെച്ചു. ഇത് റോഡും ടയറും തമ്മിലുള്ള ഘർഷണം നഷ്ടപ്പെടാൻ കാരണമായെന്നും റിപ്പോർട്ടിൽ ഉണ്ട്.
സംഭവത്തിൽ കുറ്റിപ്പുറം പൊലീസ് ബസ് ഡ്രൈവർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ചങ്ങരംകുളം സ്വദേശി ഷബീറിനാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷബീറിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.
ജൂലൈ 26നായിരുന്നു കുറ്റിപ്പുറത്ത് ബസ് മറിഞ്ഞ് അപകടമുണ്ടായത്. സംഭവത്തിൽ ഒരാൾ മരിക്കുകയും 39 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ദേശീയപാതയിലൂടെ വന്ന ബസ് പോക്കറ്റ് റോഡിലേക്ക് കയറാൻ ശ്രമിക്കവെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട ബസ് മീഡിയനിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. അപകടത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































