ചവറ : കെഎസ്ആർടിസി പ്രിയദർശിനി ബസിലെ തിക്കിന്റെയും തിരക്കിന്റെയും മറവിൽ മോഷണം പതിവാക്കിയ തമിഴ് യുവതിയെ യാത്രക്കാരും നാട്ടുകാരും ചേർന്ന് പിടികൂടി പൊലീസിനു കൈമാറി. തിരുനെൽവേലി മുക്കടൽ ആറ്റാൻകര സ്വദേശി മഞ്ജുള (35) ആണ് പിടിയിലായത്. ഇന്നലെ രാവിലെ 9.30ന് പത്തനംതിട്ട - കൊല്ലം റൂട്ടിൽ സർവീസ് നടത്തുന്ന വേണാട് ബസിലായിരുന്നു സംഭവം.
ബസിലെ യാത്രക്കാരിയായിരുന്ന അടൂർ പറക്കോട് അർഷഹൗസിൽ സുധീനയുടെ മൂന്നരപ്പവന്റെ മാലയാണ് മഞ്ജുള മോഷ്ടിക്കാൻ ശ്രമിച്ചത്. പന്മന മുഖംമൂടി ജംക്‌ഷനിലെ ബസ് സ്‌റ്റോപ്പിൽ ഇറങ്ങുന്നതിനിടെ സുധീനയുടെ മാല പൊട്ടിച്ചു എടുക്കാനായിരുന്നു ശ്രമം. മാല പൊട്ടിക്കുന്നത് മനസ്സിലാക്കിയതോടെ സുധീന മാലയിൽ പെട്ടെന്ന് പിടിച്ചതിനാൽ മാലപൊട്ടി അവരുടെ കയ്യിൽത്തന്നെ വീണു. മഞ്ജുളയാണ് മോഷ്ടിക്കാൻ ശ്രമിച്ചതെന്ന് ബസിലുള്ളവർക്ക് മനസിലായതോടെ ഇവർ ബസിൽനിന്ന് ഇറങ്ങിയോടി. തുടർന്ന് മഞ്ജുളയെ യാത്രക്കാരും നാട്ടുകാരും ചേർന്ന് ഓടിച്ചിട്ടു പിടികൂടുകയായിരുന്നു.
ചവറ പൊലീസ് എത്തി ഇവരെ കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തപ്പോൾ മറ്റു രണ്ട് ബസ് യാത്രികരുടെ മാലകൾ കവർന്നതും ഇവരാണെന്ന് മനസ്സിലായിട്ടുണ്ട്. ഇതേ റൂട്ടിൽ പ്രിയദർശിനി ബസിൽ യാത്ര ചെയ്യുന്നതിനിടെ കഴിഞ്ഞമാസം ശാസ്‌താംകോട്ട ആഞ്ഞിലിമൂട് സ്വദേശി റോസമ്മയുടെ നാലേകാൽ പവന്റെ മാല, ചവറ പുതുക്കാട് സ്വദേശി ലില്ലിക്കുട്ടിയുടെ ഒരുപവന്റെ മാല എന്നിവയാണ് മഞ്ജുള കവർന്നത്. 29ന് രാവിലെ താലൂക്ക് ആശുപത്രിയിൽ എത്തിയ ലില്ലിക്കുട്ടി നീണ്ടകര ജംക്ഷനിൽ ബസിൽ നിന്നും ഇറങ്ങുന്നതിനിടെ മഞ്ജുള സഹായിയായി ഓപ്പം കൂടി മാലയുമായി കടന്നുകളയുകയായിരുന്നു.
നേരത്തെ സമാനമായ ഒട്ടേറെ കേസുകളിൽ പ്രതിയാണ് മഞ്ജുളയെന്ന് പൊലീസ് പറഞ്ഞു. സ്ത്രീ യാത്രക്കാരുടെ തിരക്ക് കെഎസ്ആർടിസി ബസുകളിൽ കൂടിയതോടെ സൗജന്യ യാത്ര ചെയ്‌ത് മാല കവരുന്ന തമിഴ് യുവതികൾ സജീവമായിട്ടുണ്ടെന്ന് തിരക്കുള്ള ബസുകളിൽ യാത്ര ചെയ്യുന്നവർ ആഭരണങ്ങൾ നഷ്ടമാകാതെ സൂക്ഷിക്കണമെന്ന് ചവറ പൊലീസ് പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































