കനത്ത മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, വയനാട്, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രഫഷണൽ കോളജുകൾ, മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിങ് ക്ലാസുകൾ, സ്പെഷ്യൽ ക്ലാസുകൾ ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. എന്നാൽ റെസിഡൻഷ്യൽ സ്‌കൂളുകൾക്കും കോളേജുകൾക്കും പ്രവർത്തിക്കാമെന്നും മുൻപ് നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്നും അധികൃതർ അറിയിച്ചു. കോഴിക്കോട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും അവധി നൽകിയിട്ടുണ്ട്.
താമരശ്ശേരി ചുരത്തിലും പാൽചുരത്തിലും രാത്രികാല ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കളക്ടർ വ്യക്തമാക്കി. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമായി ചുരം യാത്രകൾ പരിമിതപ്പെടുത്തണമെന്നും യാത്രയിൽ അതീവ ജാഗ്രത പാലിക്കണമെന്നും കളക്ടർ നിർദേശിച്ചു.
വെള്ളക്കെട്ട് രൂക്ഷമായതോടെ തിരുവല്ലയിലെയും അപ്പർ കുട്ടനാട്ടിലെയും ദുരിതാശ്വാസ ക്യാമ്പുകൾ കൂടുതൽ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. തിരുവല്ലയിലെ പ്രധാന ക്യാമ്പായ കാവുംഭാഗം ദേവസ്വം ബോർഡ് ഹൈസ്‌കൂളിൽ വെള്ളം കയറിയതിനെ തുടർന്ന് അന്തേവാസികളെ എം.ജി.എം സ്കൂളിലേക്ക് മാറ്റി. തിരുവല്ല നഗരസഭയിലെ 21 വാർഡുകളും അപ്പർ കുട്ടനാട്ടിലെ അഞ്ച് പഞ്ചായത്തുകളും ചെങ്ങന്നൂർ പാണ്ടനാട്, തിരുവൻവണ്ടൂർ മേഖലകളും പൂർണമായി വെള്ളത്തിനടിയിലാണ്. തിരുവല്ലയിലേക്ക് വസ്ത്രങ്ങൾ അടക്കമുള്ള കൂടുതൽ സഹായങ്ങൾ അടിയന്തരമായി എത്തിക്കണമെന്ന് മാത്യു ടി. തോമസ് എം.എൽ.എ ആവശ്യപ്പെട്ടു.
മഴക്കെടുതിയിൽ വിവിധയിടങ്ങളിലായി മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചെങ്ങന്നൂർ പാണ്ടനാട്ടിൽ ഒഴുക്കിൽപെട്ട് പ്രയാർ സ്വദേശി ശിവദാസും തിരുവല്ലയിൽ ഷോക്കേറ്റ് ഇതരസംസ്ഥാന തൊഴിലാളിയും മരിച്ചു. പൊന്തുവള്ളത്തിൽ മീൻപിടിക്കാൻ പോയി അപകടത്തിൽപെട്ട ചെട്ടികാട് സ്വദേശി വർഗീസിന്റെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. കക്കവാരൽ തൊഴിലാളിയായ ആര്യാട് ചാരംപറമ്പിൽ ബാബുവിനെ വേമ്പനാട്ടുകായലിൽ കാണാതായി. എം.സി റോഡിൽ തിരുവല്ല തിരുമൂലപുരം ഭാഗത്ത് തുടർച്ചയായ മൂന്നാം ദിവസവും വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































