തിരുവനന്തപുരം: ഗതാഗത വകുപ്പ് മന്ത്രി സി പി ജോണിന്റെ അധിക്ഷേപ പരാമർശത്തിൽ പ്രതികരണവുമായി മുൻ മന്ത്രി വി ശിവൻകുട്ടി രംഗത്ത്. സി പി ജോണിന്റെ അധിക്ഷേപ പരാമർശം അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു. പൊതുപ്രവർത്തകരും ജനപ്രതിനിധികളും ജനങ്ങൾക്കൊപ്പമാണ് നിൽക്കേണ്ടത്. ആനുകൂല്യം കൊടുത്തിട്ട് അതിന്റെ പേരിൽ ആക്ഷേപിക്കരുതെന്നും ശിവൻകുട്ടി വ്യക്തമാക്കി. അവരെ അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്ന പ്രസ്താവനകൾ ഒരിക്കലും ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
പിഎം ശ്രീ വിവാദത്തിൽ പ്രതികരിച്ച അദ്ദേഹം പദ്ധതിയുടെ പേരിൽ യുഡിഎഫ് സർക്കാരും വിദ്യാഭ്യാസ മന്ത്രിയും ജനങ്ങളെയും സ്വന്തം അണികളെയും ഒരുപോലെ വഞ്ചിക്കുന്നു എന്നും ആരോപിച്ചു. ഇത് രാഷ്ട്രീയ ഇരട്ടത്താപ്പാണ്. മുസ്ലിംലീഗിന്റെ അഭിപ്രായം ഇക്കാര്യത്തിൽ അറിയണം. അധികാരത്തിൽ എത്തിയപ്പോൾ കേന്ദ്രത്തിന് മുന്നിൽ യുഡിഎഫ് മുട്ടുമടക്കി. പിഎം ശ്രീ വിഷയത്തിൽ കോൺഗ്രസിന്റെ ദേശീയ നേതാക്കളുടെ അഭിപ്രായം അറിയാൻ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറിഹസിച്ചു. മുസ്‌ലിം ലീഗ് സ്വന്തം അണികളെ പുറകിൽ നിന്ന് കുത്തുകയാണ്. രാഷ്ട്രീയ പ്രത്യാഘാതം ലീഗ് തിരിച്ചറിയും എന്നാണ് പ്രതീക്ഷ. വ്യാജ പ്രചാരണം നടത്തി ജനങ്ങളെ വഞ്ചിക്കുന്നത് യുഡിഎഫ് അവസാനിപ്പിക്കണം. യുഡിഎഫ് കാണിക്കുന്ന തിടുക്കം ഭയാനകമാണെന്നും മതേതര പാഠ്യപദ്ധതിയെ തകർക്കുവാനുള്ള ശ്രമത്തിൽ നിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുസ്‌ലിംലീഗിന് കേന്ദ്ര സർക്കാരിന്റെ ഭീഷണി ഉണ്ടാകുമെന്നും, കേന്ദ്ര ഏജൻസികളുടെ ഭീഷണി നേരിടേണ്ടി വരുന്നു എന്ന് മനസ്സിലാക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
കാപ്പാ കേസിൽ ജയിലിലുള്ള തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സുഗതന്റെ അവധി അപേക്ഷയിലെ നടപടികൾ അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും ശുവൻകുട്ടി പറഞ്ഞു. ആഭ്യന്തരവകുപ്പിന്റെ സർക്കുലർ റദ്ദാക്കണമെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത് കൊണ്ട് മാത്രം മതിയാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുഗതനെ രക്ഷപ്പെടുത്താൻ എന്താണ് കോൺഗ്രസിനും മുസ്‌ലിംലീഗിനും ഇത്ര തിടുക്കം. ബിജെപിക്ക് ഭരണം നഷ്ടമാകുന്നതിൽ അവരേക്കാൾ ഭയം കോൺഗ്രസിനും ലീഗിനുമാണ്. എത്രയും പെട്ടെന്ന് സുഗതന് നോട്ടീസ് നൽകി അയോഗ്യത കൽപ്പിക്കണമെന്നും ബിജെപിയും കോൺഗ്രസും തമ്മിലുള്ള കളിയാണ് കോർപ്പറേഷനിൽ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ദുരന്തനിവാരണ പ്രവർത്തനങ്ങൾ നടത്തുന്നതിനുപകരം മേയർ അമേരിക്കയിൽ പോയിരിക്കുകയാണ്. അമേരിക്കൻ യാത്ര ഒഴിവാക്കണമായിരുന്നെന്നും ശിവൻകുട്ടി കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി വി ഡി സതീശനേയും ശിവൻകുട്ടി വിമർശിച്ചു. മുഖ്യമന്ത്രി എന്തുപറഞ്ഞാലും ആരും വിശ്വസിക്കാത്ത സ്ഥിതിവിശേഷം ഉണ്ടായിരിക്കുന്നു. സത്യവുമായി ഒരു ബന്ധവുമില്ലാത്ത പ്രസ്താവനകളാണ് അദ്ദേഹം നടത്തുന്നത്. മുഖ്യമന്ത്രിയുടെ കർണാടക യാത്ര ജനങ്ങൾക്കിടയിൽ വലിയ സംശയത്തിന് ഇടയാക്കിയെന്നും അദ്ദേഹം അരോപിച്ചു. ഇഷ്ടംപോലെ ഭക്ഷണം മുഖ്യമന്ത്രിക്ക് കഴിക്കാം, ഒരു പ്രശ്‌നവുമില്ല. എന്നാൽ നാട് ദുരന്തത്തിന്റെ നടുവിൽ നിൽക്കുമ്പോൾ വലിയ സദ്യയ്ക്കിടയിൽ ഇരിക്കുന്ന ചിത്രം പുറത്ത് വിട്ടത് ജനങ്ങളെ അവഹേളിച്ചു കൊണ്ടല്ലേ എന്നും അദ്ദേഹം ചോദിച്ചു. ഏതെങ്കിലും ഒരു ദുരിതാശ്വാസ ക്യാമ്പിൽ ചെന്ന് അവർക്കൊപ്പം അല്ലേ ഭക്ഷണം കഴിക്കേണ്ടിയിരുന്നത്. അങ്ങനെയായിരുന്നെങ്കിൽ അദ്ദേഹത്തെ നമുക്ക് അഭിനന്ദിക്കണം ആയിരുന്നു എന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു. ദുരന്തഭൂമിയിൽ കഷ്ടപ്പെടുന്ന സമയത്താണോ സ്വർണ്ണക്കട ഉദ്ഘാടനം ചെയ്യേണ്ടത്. ബന്ധുവീട്ടിൽ പോകുന്ന സമയം ഒക്കെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഉപയോഗിച്ചിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു. ഒരു മനുഷ്യന് ഇത്രയ്ക്കും കള്ളം പറയാൻ കഴിയുമോ എന്നാണ് എന്റെ സംശയം എന്ന പരിഹാസവും ശിവൻകുട്ടി നടത്തി. പിണറായി വിജയൻ ഹെലികോപ്റ്ററിൽ പോയതിന് കുറ്റം പറഞ്ഞിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞില്ലേ എന്നും ചോദ്യമുണ്ടായി.
ദുരിതാശ്വാസ ക്യാമ്പുകൾ അലങ്കോലമായി കിടക്കുകയാണ്. ആഹാരവും മരുന്നും കിട്ടുന്നില്ല. ഏകോപനം ഒന്നും നടക്കുന്നില്ല. മുന്നറിയിപ്പ് കിട്ടിയിട്ടും മുന്നൊരുക്കം നടത്തിയില്ലെന്നും അദ്ദേഹം ആരോപിച്ചു. അതിന്റെ ഉത്തരവാദി പൂർണ്ണമായും മുഖ്യമന്ത്രിയാണ്. ഒരു വിഷയം കൈകാര്യം ചെയ്തപ്പോൾ തന്നെ കഴിവില്ലാത്ത മുഖ്യമന്ത്രിയാണ് വി ഡി സതീശൻ എന്ന് മനസ്സിലായി. വാചകത്തിൽ മാത്രം ജീവിച്ചു പോകുന്ന വ്യക്തി ആണ് എന്ന് മനസിലായെന്നാണ് പരിഹാസം. ഏതു നിക്ഷേപകനെ കാണാനാണ് അദ്ദേഹം ഹെലികോപ്റ്ററിൽ പോയതെന്ന് മുഖ്യമന്ത്രി പറയണമെന്നും ഒളിച്ചുവയ്‌ക്കേണ്ട കാര്യം എന്താണെന്നും അദ്ദേഹം ചോദിച്ചു. കാര്യങ്ങൾ വിശദമാക്കാത്തിടത്തോളം അതിൽ ദുരൂഹതയുണ്ട് എന്നതിൽ സംശയമില്ല. ദുരൂഹത ഒഴിവാക്കാൻ അദ്ദേഹം മറുപടി പറയണമെന്നും മുഖ്യമന്ത്രിക്ക് മറുപടി ഇല്ലാത്തത് തന്നെ സംശയമുണ്ടാക്കുന്ന ഒന്നല്ലേ എന്നും ശിവൻകുട്ടി ചോദിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































