കോഴിക്കോട്: പ്രതികളെ പിടികൂടാനെത്തിയ പോലീസിനുനേരെ സ്‌ഫോടകവസ്തു എറിയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ ഒളിവിൽ പോയ പ്രതി പിടിയിൽ. പൂവാട്ടുപറമ്പ് സ്വദേശി ഹർഷാദ് എന്ന സാബുവിനെയാണ് മാവൂർ പോലീസ് ഇൻസ്‌പെക്ടർ മുഹമ്മദ് റഫീക്കിന്റെ നേതൃത്വത്തിലുള്ള പോലീസും കോഴിക്കോട് ക്രൈം സ്‌ക്വാഡും ചേർന്ന് വയനാട്ടിൽനിന്നും പിടികൂടിയത്.
സംഭവം നടന്ന ജൂലായ് 11 മുതൽ ഇയാൾ ഒളിവിലായിരുന്നു. ഇതിനിടെ കഴിഞ്ഞയാഴ്ച ഇയാൾ വീട്ടിലെത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയെങ്കിലും പോലീസിനെ കണ്ടതോടെ ഹർഷാദ് ഓടി രക്ഷപ്പെട്ടു. പിന്നീടാണ് ഇയാൾ വയനാട്ടിലെ ഒരു റിസോർട്ടിൽ ഉണ്ടെന്ന വിവരം പോലീസിന് ലഭിക്കുന്നത്.
ഇവിടെവെച്ചും രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് ബലംപ്രയോഗിച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു. പിടിയിലായ ഹർഷാദിനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കും. നേരത്തെയും കാപ്പ ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് ഹർഷാദ്.
പാലക്കാട്ടെ വ്യവസായിയെ തട്ടിക്കൊണ്ടുപോയി മോചന ദ്രവ്യം ആവശ്യപ്പെട്ട കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതികളെ പിടികൂടാൻ എത്തിയ പാലക്കാട്ടെ എസ്‌ഐടി സംഘത്തിന് നേരെയായിരുന്നു നേരത്തെ ആക്രമണം നടന്നത്. പെരുവയൽ കൊടശ്ശേരി താഴത്തെവില്ലയിൽവെച്ച് പോലീസിനുനേരെ സ്ഫോടകവസ്തു എറിഞ്ഞ് പരിക്കേൽപ്പിക്കുകയായിരുന്നു.
അന്നുതന്നെ മറ്റ് നാല് പ്രതികളായ കാസർകോട് നീലേശ്വരം സ്വദേശി ആട് ഷമീർ, ഒറ്റപ്പാലം സ്വദേശി വിഷ്ണു സൽമാൻ, കൊട്ടാരക്കര സ്വദേശി ഡേവിഡ് കാർമൽ അലക്‌സ്, മാവൂർ കുതിരാടം സ്വദേശി ജാസ്‌മോൻ എന്നിവരെ പോലീസ് പിടികൂടിയിരുന്നു. അന്ന് ഓടി രക്ഷപ്പെട്ട ഹർഷാദ് കൂടി പിടിയിലായതോടെ ഈ കേസിലെ മുഴുവൻ പ്രതികളും പോലീസിന്റെ വലയിലായി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































