കൊയിലാണ്ടി, പേരാമ്പ്ര, ബാലുശ്ശേരി, നടുവണ്ണൂർ : കൊയിലാണ്ടി നഗരസഭയിലെ 28-ാം വാർഡിൽ കുറുവങ്ങാട് സൗത്ത് യു.പി. സ്കൂളിന് പടിഞ്ഞാറുഭാഗം 15 വീടുകളിൽ വെള്ളംകയറി താമസയോഗ്യമല്ലാതായി. പെരുങ്കുനി നിർമല, ലത, ജംഷീദ്, കരിമ്പനക്കുനി മുരളി, ലത, സത്യൻ, വിനോദ്, രാജീവൻ, മങ്ങിയാർ കുനി ലക്ഷ്മി, സുധ, കാർത്യായനി, നായ്ക്കണ്ടിത്താഴ സുധാകരൻ, ഗീത ഗോകുലം എന്നിവരുടെ വീടുകളാണ് വെള്ളക്കെട്ടിലായത്. വീട്ടുപകരണങ്ങൾ നഷ്ടപ്പെടുകയും പലതിനും കേടുപാടുകൾ സംഭവിക്കുകയും ചെയ്തതോടെ പ്രദേശത്തെ പല കുടുംബങ്ങളെയും ബന്ധുവീടുകളിലേക്കും ക്യാമ്പുകളിലേക്കും മാറ്റാനുള്ള നടപടികൾ സ്വീകരിച്ചു. കുറുവങ്ങാട് മാവിൻചുവടിന് സമീപത്തെ വലിയ തോട് കരകവിഞ്ഞൊഴുകിയതാണ് ഇവിടെ വെള്ളക്കെട്ടിന് കാരണമായത്. നഗരസഭാ ചെയർമാൻ യു.കെ. ചന്ദ്രൻ, കൗൺസിലർ ടി.പി. ബീന, വില്ലേജ് ഓഫീസർ, സംഘടനാ പ്രവർത്തകർ എന്നിവർ സ്ഥലം സന്ദർശിച്ചു.
നഗരസഭയിലെ 33-ാം വാർഡിൽ 25-ഓളം പട്ടികജാതി കുടുംബങ്ങൾ താമസിക്കുന്ന കോതമംഗലം ഐ.എച്ച്.ഡി.പി. ഉന്നതി പ്രദേശത്തും വലിയ തോതിൽ വെള്ളപ്പൊക്ക ഭീഷണിയുണ്ട്. കൊയിലാണ്ടി നഗരത്തിലെ മുഴുവൻ മലിനജലവും ഒഴുകിയെത്തുന്നത് ഈ പ്രദേശത്താണ്. ഇതോടൊപ്പം ബപ്പൻകാട് അമ്പാടി റോഡും വെള്ളത്തിനടിയിലായി. ചെങ്ങോട്ടുകാവിലെ വെങ്കറോളിത്താഴയിലും ഒട്ടേറെ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. വിയ്യൂർ അരീക്കൽത്താഴ തോട് കവിഞ്ഞൊഴുകിയതിനെത്തുടർന്ന് പത്തോളം വീടുകളിൽ വെള്ളംകയറിയെങ്കിലും കക്കുളം പാടശേഖരത്തോടുചേർന്നുള്ള ഷട്ടർ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും സഹായത്താൽ ഉയർത്തിയാണ് വെള്ളപ്പൊക്കം നിയന്ത്രിച്ചത്. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരായ അനിൽ കുമാർ, ലതീഷ്, ബിനീഷ്, സാരംഗ്, ഇന്ദ്രജിത്ത്, പി.ടി. ഉമേന്ദ്രൻ, രജീഷ് വാഴവളപ്പിൽ, പ്രമോദ് രാരോത്ത്, ബിനു അരിക്കൽ എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പൊയിൽക്കാവ് ക്ഷേത്രത്തിനു മുൻവശം റെയിൽവേ ട്രാക്കിന് പടിഞ്ഞാറ് ബീച്ച് റോഡിൽ വെള്ളക്കെട്ട് രൂക്ഷമായതിനെത്തുടർന്ന് ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായി നിലച്ചു.
പേരാമ്പ്ര പന്തിരക്കര വലിയപറമ്പ് റോഡിൽ കുട്ടിക്കുന്നുമ്മൽ ഉഷയുടെ വീടിന്റെ സംരക്ഷണ മതിൽ ശക്തമായ മഴയിൽ വീടിന്റെ മുറ്റത്തേക്ക് തകർന്നു വീണു. അപകടസമയത്ത് സ്ഥലത്ത് ആരും ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി.
ബാലുശ്ശേരി കോഴഞ്ചേരി പുഴ കരകവിഞ്ഞൊഴുകിയതിനെത്തുടർന്ന് ബാലുശ്ശേരി ഗവ. ഹയർസെക്കൻഡറി സ്കൂൾ മതിൽവരെയും തൊട്ടടുത്ത പറമ്പുകളിലേക്കും വെള്ളം കയറി. മഞ്ഞപ്പാലം വയൽപ്പീടിക റോഡ് പൂർണ്ണമായി വെള്ളത്തിൽ മുങ്ങുകയും കാഞ്ഞിക്കാവ് പരദേവതാ ക്ഷേത്രത്തിനു ചുറ്റും കനത്ത വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തു. ആറാളക്കൽ, എടപ്പാടി, മുണ്ടോളി, കോവുമ്മൽ, കൊമ്പിലാട് പ്രദേശത്തെ പല വീടുകളിലും വെള്ളം കയറിയതിനെത്തുടർന്ന് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മംഗൾദാസ് ത്രിവേണി, വൈസ് പ്രസിഡന്റ് സമീറ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിറാജ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷണ്മുഖൻ എന്നിവർ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. മഴ ശക്തമായി തുടരുകയാണെങ്കിൽ ബാലുശ്ശേരി ഗവ. എൽ.പി. സ്കൂൾ, തുരുത്തിയാട് എൽ.പി. സ്കൂൾ എന്നിവിടങ്ങളിൽ ദുരിതാശ്വാസക്യാമ്പുകൾ തുറക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
നടുവണ്ണൂരിൽ രാമൻപുഴ കരകവിഞ്ഞതിനെത്തുടർന്ന് വെള്ളപ്പൊക്ക ഭീഷണിയിലായ 13-ാം വാർഡിലെ 14 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കരുമ്പാപ്പൊയിലിലെ താഴെപൂളക്കാപ്പൊയിൽ, കൊയ്യുമ്മൽ, കാനംവയൽ, ആയിരോളിത്താഴെ എന്നിവിടങ്ങളിലെ കുടുംബങ്ങളെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































