വടകര: താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ പെയ്ത കനത്ത മഴയിൽ വ്യാപക നാശനഷ്ടം. വടകര നഗരസഭയിലും സമീപ പഞ്ചായത്തുകളിലും നിരവധി വീടുകളിൽ വെള്ളം കയറുകയും റോഡുകൾ വെള്ളത്തിനടിയിലാവുകയും ചെയ്തു. പലയിടങ്ങളിലും വാഹനഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ട നിലയിലാണ്.
അറക്കിലാട് വയലിൽപീടിക ഭാഗത്ത് വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് താമസക്കാരെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. പുത്തൂർ ട്രെയിനിങ് സ്കൂളിന് സമീപമുള്ള നഗരസഭയിലെ 12, 13 വാർഡുകളിൽ വലിയ രീതിയിലുള്ള വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. ഇവിടെയുള്ള നിരവധി വീടുകളും റോഡുകളും വെള്ളത്തിനടിയിലായി. അക്ലോത്ത്നടയിൽ ഞായറാഴ്ച രാത്രി പെയ്ത മഴയിലുണ്ടായ വെള്ളക്കെട്ട് ഇതുവരെ ഇറങ്ങിയിട്ടില്ല. കനാലിന്റെ ഒരു ഭാഗത്ത് മണ്ണും മരക്കഷണങ്ങളും അടിഞ്ഞുകൂടി ഒഴുക്ക് തടസ്സപ്പെട്ടതാണ് വെള്ളം താഴാത്തതിന് കാരണമെന്ന് ആക്ഷേപമുണ്ട്. ചോറോട് അമൃതാനന്ദമയി റോഡിൽ വെള്ളം ഉയർന്നതിനെ തുടർന്ന് നാല് വീടുകളിലെ താമസക്കാർ വീടിന്റെ ഒന്നാം നിലയിലേക്ക് അഭയം പ്രാപിച്ചു. മണിയൂർ കിഴക്കൻ മുടപ്പിലാവിലെ തൂണുറത്താഴ തോട് കരകവിഞ്ഞൊഴുതി സമീപത്തെ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്.
ഏറാമലയിൽ കൺട്രോൾ റൂം തുറന്നു
മഴ കനത്തതോടെ ഏറാമല പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. നിരവധി വീടുകൾ ഒഴിഞ്ഞുപോയി. കാർത്തികപള്ളി, പുത്തലത്ത് പൊയിൽ വില്യാപ്പള്ളി റോഡിൽ ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. കുറിഞ്ഞിയാലോട് ജങ്ഷനിലെ കടകളെല്ലാം വെള്ളത്തിനടിയിലാണ്. കാർത്തികപള്ളി മേഖലയിൽ അമ്പതോളം വീടുകളിൽ വെള്ളം കയറി. കെ.കെ രമ എം.എൽ.എ, ബ്ലോക്ക് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. കുഞ്ഞബ്ദുള്ള എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ പഞ്ചായത്തിൽ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
വാണിമേലിൽ ആൽമരം വീണു; മുക്കാളിയിൽ മന്ത്രിയുടെ സന്ദർശനം
വാണിമേൽ വയൽപ്പീടിക അങ്ങാടിയിൽ ശക്തമായ കാറ്റിലും മഴയിലും വലിയ ആൽമരത്തിന്റെ ഒരു ഭാഗം കടപുഴകി വീണു. ഞായറാഴ്ച അതിരാവിലെയുണ്ടായ അപകടത്തിൽ സമീപത്തെ കെട്ടിടത്തിന്റെ മുകൾഭാഗത്തിന് നാശനഷ്ടമുണ്ടായെങ്കിലും വലിയ ദുരന്തം ഒഴിവായി. നാട്ടുകാരുടെ നേതൃത്വത്തിലാണ് മരം മുറിച്ചുമാറ്റിയത്.
അതേസമയം, മുക്കാളിയിലുണ്ടായ മണ്ണിടിച്ചിൽ പ്രദേശം റവന്യൂ വകുപ്പ് മന്ത്രി ടി. സിദ്ദിഖ് സന്ദർശിച്ചു. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ദുരിതബാധിത പ്രദേശങ്ങളിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ ഉറപ്പുനൽകി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















































