കോഴിക്കോട്: ഇടതടവില്ലാതെ പെയ്ത കനത്ത മഴയെത്തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കടുത്ത വെള്ളക്കെട്ട് രൂപപ്പെടുകയും പലയിടങ്ങളിലും വീടുകളിൽ വെള്ളം കയറുകയും ചെയ്തു. മഴയോടൊപ്പം വീശിയടിച്ച ശക്തമായ കാറ്റിൽ വ്യാപകമായി മരങ്ങൾ പൊട്ടിവീണിട്ടുണ്ട്. ദുരിതബാധിതരെ മാറ്റ പാർപ്പിക്കുന്നതിനായി താലൂക്കിൽ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്. നിലവിൽ ഈ ക്യാമ്പുകളിലായി 105 പേരാണ് അഭയം തേടിയിട്ടുള്ളത്.
നഗരത്തിലെ പ്രധാന പാതകളെല്ലാം വെള്ളത്തിനടിയിലായതോടെ കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. കോട്ടൂളി, പറയഞ്ചേരി ഭാഗങ്ങളിൽ റോഡിൽ മുട്ടറ്റം വെള്ളം ഉയർന്നത് മണിക്കൂറുകളോളം വാഹനഗതാഗതം തടസ്സപ്പെടുത്തി. കൊമ്മേരി, മാവൂർ റോഡ്, സ്റ്റേഡിയം ജങ്ഷൻ, തടമ്പാട്ടുതാഴം, കക്കോടി എന്നിവിടങ്ങളിലും വലിയ രീതിയിൽ വെള്ളക്കെട്ടുണ്ടായി. പാലാഴി അത്താണിക്കൽ എം.എൽ.എ. റോഡ് ജങ്ഷനിൽ വെള്ളം ഉയർന്നതിനെ തുടർന്ന് സമീപത്തെ കടകളിൽ വെള്ളം കയറുന്ന സ്ഥിതിയായിരുന്നു.
വിവിധ ജനവാസ മേഖലകളിലെ വീടുകളെയും മഴക്കെടുതി സാരമായി ബാധിച്ചിട്ടുണ്ട്. കോവൂർ ഇരിങ്ങാടൻപള്ളി റോഡിലും മീഞ്ചന്ത മില്ലത്ത് കോളനി ഭാഗത്തും ഏതാനും വീടുകളിൽ വെള്ളം കയറി. ചേവരമ്പലം ചെമ്മച്ചേരിത്താഴത്ത് ആറുവീടുകളിലും ദേശീയപാതയ്ക്ക് സമീപമുള്ള പാച്ചാക്കൽ മമ്മിളിത്താഴം ഭാഗത്തും വെള്ളം കയറി ജനങ്ങൾ പ്രയാസത്തിലായി.
വെള്ളപ്പൊക്കത്തിന് പുറമെ കനത്ത നാശനഷ്ടങ്ങളും ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പെരുവയൽ പഞ്ചായത്തിലെ മുണ്ടക്കലിൽ കാങ്ങോശ്ശേരി ജിൻസിയുടെ വീടിന് മുകളിലേക്ക് തൊട്ടടുത്ത പറമ്പിലെ മതിൽക്കെട്ടിടിഞ്ഞു വീണു. ഇതേത്തുടർന്ന് വീടിന്റെ ചുമര് പൊട്ടുകയും പൈപ്പുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. കുണ്ടൂപ്പറമ്പ് തിരുത്തിക്കുന്നത് ബാബുവിന്റെ കിണർ ഒന്നരയടിയോളം ഇടിഞ്ഞുതാഴ്ന്നതിനെ തുടർന്ന് വീട്ടുകാരോട് അടിയന്തരമായി മാറിത്താമസിക്കാൻ വില്ലേജ് ഓഫീസിൽ നിന്ന് നിർദേശം നൽകിയിട്ടുണ്ട്. മലാപ്പറമ്പ് പ്രോവിഡൻസ് കോളേജിന് സമീപമുള്ള റീജണൽ ഫാമിലി വെൽഫെയർ സ്റ്റോർ കെട്ടിടത്തിന് മുകളിലേക്ക് മരം വീണും കേടുപാടുകളുണ്ടായി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














































