ഫറോക്ക്: ഇന്ധനവുമായി പോവുകയായിരുന്ന ടാങ്കർലോറി കോഴിക്കോട് തൊണ്ടയാടിന് സമീപത്തുവെച്ച് ആക്രമിച്ച യുവാവിനെതിരെ പോലീസ് നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ഫറോക്ക് ഐ.ഒ.സി. ഡിപ്പോയിലെ ജീവനക്കാർ ഇന്ധനംനിറയ്ക്കൽ നിർത്തിവെച്ച് പ്രതിഷേധിച്ചു. വ്യാഴാഴ്ച രാവിലെ ഏഴുമണി മുതൽ മുന്നൂറോളം വരുന്ന ടാങ്കർലോറി ജീവനക്കാരാണ് ഐ.ഒ.സി.ക്ക് മുന്നിൽ സമരവുമായി രംഗത്തിറങ്ങിയത്. കോഴിക്കോട്, മലപ്പുറം, കണ്ണൂർ, മാഹി, വയനാട്, പാലക്കാട്, കാസർകോട് എന്നീ ജില്ലകളിലേക്കുള്ള ഇന്ധനം കൊണ്ടുപോകുന്നത് ഫറോക്കിലെ ഐ.ഒ.സി. ഡിപ്പോയിൽനിന്നായതിനാൽ ഈ സമരം ഏറെ ശ്രദ്ധിക്കപ്പെട്ടു.
ബുധനാഴ്ച കൂത്തുപറമ്പിലേക്ക് ഇന്ധനവുമായി പോവുകയായിരുന്ന ടാങ്കർ ലോറിയെയാണ് തൊണ്ടയാടിന് സമീപത്തുവെച്ച് ബൈക്കിലെത്തിയ യുവാവ് കത്തികൊണ്ട് ടയറിൽ കുത്തി ആക്രമിച്ചത്. 'നിനക്കുമാത്രം പോയാൽ മതിയോടാ' എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു ഈ അക്രമം. ഉടൻതന്നെ ടാങ്കർ വശംചേർത്ത് നിർത്തിയ ഡ്രൈവർ സംഭവം മെഡിക്കൽ കോളേജ് പോലീസിൽ അറിയിക്കുകയായിരുന്നു. ബൈക്കിന്റെ പുറകിലെ നമ്പർ അവ്യക്തമായതിനാൽ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിക്കെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടിരുന്നു.
പ്രതിഷേധത്തെക്കുറിച്ചറിഞ്ഞ് വ്യാഴാഴ്ച പത്തുമണിയോടെ ഫറോക്ക് എസ്.ഐ.മാരായ മിഥുനും എസ്. സുജിത്തും ഐ.ഒ.സി.യിലെത്തുകയും സ്ഥാപനമേധാവികളും തൊഴിലാളികളുമായി ചർച്ച നടത്തുകയും ചെയ്തു. പോലീസിന്റെ ഭാഗത്തുനിന്ന് കൃത്യമായ ഉറപ്പ് ലഭിച്ചതിനെ തുടർന്ന് പ്രതിഷേധിച്ച് നടത്തിയ സമരം അവസാനിപ്പിക്കുകയും പത്തരയോടെ ടാങ്കറുകളിൽ ഇന്ധനം നിറയ്ക്കാൻ ആരംഭിക്കുകയും ചെയ്തു. ഐ.ഒ.സി. ഫറോക്ക് ഡിപ്പോ മാനേജർ ജ്യോതിന്ദ്രൻ, തൊഴിലാളി പ്രതിനിധികളായ കോഡിനേഷൻ പ്രസിഡന്റ് പി. ഷാജി, സെക്രട്ടറി രവീന്ദ്രൻ, ട്രഷറർ ഇസ്മയിൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














































