ന്യൂ ഡൽഹി : ഹിന്ദുമതത്തിൽ നിന്ന് സിഖ്, ബുദ്ധ മതങ്ങളൊഴികെ മറ്റേതൊരു മതത്തിലേക്ക് മാറിയാലും പട്ടികജാതി പദവി നഷ്ടമാകുമെന്ന 2026 മാർച്ച് 24-ലെ ഉത്തരവ് സുപ്രീംകോടതി പൂർണ്ണമായും ശരിവെച്ചു. ഈ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര, ജസ്റ്റിസ് മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ച് തള്ളി. മുൻ വിധിയിൽ ഇടപെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും അതിൽ തെറ്റില്ലെന്നും വ്യക്തമാക്കിയ കോടതി, കേസിൽ വീണ്ടുമൊരു വാദം കേൾക്കണമെന്ന ആവശ്യവും നിരസിച്ചു. മതം മാറുന്നതോടെ പട്ടികജാതി സംവരണ ആനുകൂല്യങ്ങളും നഷ്ടമാകുമെന്ന് വ്യക്തമാക്കുന്നതാണ് ഈ കോടതി ഉത്തരവ്.
പട്ടികജാതിയിൽപ്പെട്ട ഒരാൾ ക്രിസ്തുമതത്തിലേക്ക് മാറിയാൽ ഉടൻ തന്നെ പട്ടികജാതി പദവി ഇല്ലാതാകുമെന്നാണ് മുൻ വിധി വ്യക്തമാക്കുന്നത്. എന്നാൽ മൂന്ന് കർശന വ്യവസ്ഥകൾ പാലിച്ചാൽ പുനഃപരിവർത്തനത്തിലൂടെ വീണ്ടും ഈ പദവി നേടിയെടുക്കാവുന്നതാണ്. പട്ടികജാതിയിൽ തന്നെ ജനിച്ചവരായിരിക്കണം, ഹിന്ദു-സിഖ്-ബുദ്ധ മതങ്ങളിലേക്കുള്ള മടങ്ങിവരവ് യഥാർത്ഥമായിരിക്കണം, കൂടാതെ ഏത് ജാതിയിലാണോ ജനിച്ചത് ആ സമൂഹം ഇവരെ തിരികെ സ്വീകരിക്കുകയും വേണം എന്നിവയാണ് ആ വ്യവസ്ഥകൾ. ഇവയിൽ ഒന്നുപോലും പാലിച്ചില്ലെങ്കിൽ പുനഃപരിവർത്തനം അസ്വീകാര്യമായിരിക്കുമെന്ന് സുപ്രീംകോടതി വീണ്ടും ഊന്നിപ്പറഞ്ഞു.
ആന്ധ്രാപ്രദേശിൽ പട്ടികജാതിയിൽ ജനിച്ച ഒരാൾ പിന്നീട് മതം മാറി പാസ്റ്ററായ സംഭവവുമായി ബന്ധപ്പെട്ടാണ് ഈ കേസിന്റെ തുടക്കം. ചില നാട്ടുകാർ ജാതി പറഞ്ഞ് ആക്ഷേപിച്ചെന്ന് കാണിച്ച് ഇയാൾ പട്ടികജാതി-വർഗ അക്രമം തടയൽ നിയമപ്രകാരം പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, പരാതിക്കാരൻ മതം മാറിയതിനാൽ ഈ നിയമപ്രകാരമുള്ള പരിരക്ഷയ്ക്ക് അർഹതയില്ലെന്ന് ചൂണ്ടിക്കാണിച്ച് പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി കേസ് റദ്ദാക്കുകയും ചെയ്തു. ഇതിനെതിരെ സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ്, ക്രിസ്ത്യാനിയായി മാറിയ വ്യക്തിക്ക് പട്ടികജാതി-വർഗ നിയമപ്രകാരമുള്ള പരിരക്ഷ ലഭിക്കില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി ഹൈക്കോടതി വിധി ശരിവെച്ചത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































