എലത്തൂർ: ഭീമമായ സാമ്പത്തികബാധ്യത ഒഴിവാക്കാനായി പാവങ്ങാട് പുതിയാപ്പ മേൽപ്പാലം സമീപന റോഡിന്റെ ഘടന മാറ്റാൻ റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ (ആർ.ബി.ഡി.സി.) തീരുമാനിച്ചു. പൈലിങ് നടത്തേണ്ട ഭൂമിക്കടിയിലൂടെ കടന്നുപോകുന്ന 110 കിലോ വാട്ടിന്റെയും 11 കിലോ വാട്ടിന്റെയും വൈദ്യുത ലൈനുകൾ മാറ്റാൻ കെ.എസ്.ഇ.ബി. ആറു കോടി രൂപ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഈ ബദൽമാർഗം സ്വീകരിക്കുന്നത്. തിങ്കളാഴ്ച പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായി നടത്തുന്ന കൂടിക്കാഴ്ചയ്ക്കു ശേഷം ഇതിൽ അന്തിമതീരുമാനം കൈക്കൊള്ളും. മന്ത്രിയുടെ അഭിപ്രായംകൂടി പരിഗണിച്ചാണ്
സാമ്പത്തികബാധ്യതയില്ലാത്ത ഈ പുതിയ രൂപരേഖ തയ്യാറാക്കിയത്.
നിർദിഷ്ട ഭൂമിയിൽ പൈലുകളുടെ എണ്ണം വർധിപ്പിച്ചാണ് ഇനി നിർമാണം നടത്തുക. സമീപനറോഡ് കടന്നുപോകുന്ന നാലോളം സ്ഥലങ്ങളിൽ നിലവിലുള്ള മൂന്നുവീതം പൈലുകൾ നാല് എണ്ണമായി ഉയർത്താനാണ് തീരുമാനം. പൈലുകളുടെ എണ്ണം വർധിപ്പിക്കുന്നതോടെ ഭൂഗർഭ വൈദ്യുത കേബിളുകൾക്ക് യാതൊരുവിധ കേടുപാടുകളും വരുത്താതെ തന്നെ റോഡ് നിർമിക്കാൻ കഴിയും. കെ.എസ്.ഇ.ബി. ആവശ്യപ്പെട്ട ഭീമമായ തുക ഒഴിവാകുന്നതിനാൽ നിലവിൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ചുതന്നെ പ്രവൃത്തി പൂർത്തീകരിക്കാൻ സാധിക്കുമെന്നതാണ് ഇതിന്റെ പ്രധാന മെച്ചം.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചശേഷം തുടങ്ങിയ പൈലിങ്ങിന്റെ ട്രയൽ ഘട്ടത്തിലായിരുന്നു ഈ ഭൂഗർഭ വൈദ്യുതലൈനുകൾ ശ്രദ്ധയിൽപ്പെട്ടത്. നേരത്തെ മദ്രാസ് ഐ.ഐ.ടി.യുടെ പരിശോധനയ്ക്കുശേഷം റോഡിന്റെ ഡിസൈൻ തയ്യാറാക്കിയ ഘട്ടത്തിലൊന്നും ഈ ലൈനുകൾ തിരിച്ചറിഞ്ഞിരുന്നില്ല. 11 വർഷം മുമ്പ് 5.68 കോടി രൂപ ചെലവഴിച്ച് നിർമിച്ച മേൽപ്പാലം സമീപനറോഡില്ലാത്തതിനാൽ ഇതുവരെ നോക്കുകുത്തിയായി കിടക്കുകയായിരുന്നു. തുടർന്ന് ഒന്നരവർഷം മുമ്പാണ് സമീപനറോഡ് നിർമാണത്തിനായി സംസ്ഥാന സർക്കാർ 12.82 കോടി രൂപ അനുവദിച്ചത്. പ്രധാന മത്സ്യബന്ധന മേഖലയായ പുതിയാപ്പ, വെള്ളയിൽ പ്രദേശങ്ങളെ നഗരവുമായി എളുപ്പത്തിൽ ബന്ധിപ്പിക്കുന്നതാണ് ഈ പദ്ധതി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































