കോഴിക്കോട്: വിദ്യാ ബാലകൃഷ്ണൻ എം.എൽ.എ.യ്ക്ക് മന്ത്രിസ്ഥാനം വാഗ്ദാനംചെയ്ത് മൂന്നുകോടി രൂപ തട്ടാൻ ശ്രമിച്ച കേസിലെ പ്രതികളെ ഡൽഹിയിൽനിന്ന് കോഴിക്കോട്ടെത്തിച്ചു. ഡൽഹി സ്വദേശികളായ നിതിൻ കുമാർ, ഗൗരവ് എന്നിവരെയാണ് കോഴിക്കോട്ടെ സൈബർ സ്റ്റേഷനിലേക്ക് അന്വേഷണസംഘം കൊണ്ടുവന്നത്.
ഞായറാഴ്ച പുലർച്ചയാണ് ഇരുവരെയും ഡൽഹിയിൽനിന്ന് കോഴിക്കോട്ടെത്തിച്ചത്. വൈദ്യപരിശോധന പൂർത്തിയാക്കി പ്രതികളെ ഉടൻ കോടതിയിൽ ഹാജരാക്കും. ഇവർ നേരത്തേയും സമാന കുറ്റകൃത്യത്തിൽ ഏർപ്പെട്ടവരാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. രാഷ്ട്രീയക്കാരെ ലക്ഷ്യമിട്ട് വ്യാജ ഫോൺ കോളുകളിലൂടെ പണം തട്ടുന്ന സംഘത്തിൽപ്പെട്ടവരാണ് രണ്ടുപേരും.
ഡൽഹി-യു.പി. അതിർത്തിയിൽവെച്ചാണ് പ്രതികളെ കോഴിക്കോട് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണർ പദം സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഡൽഹി സ്വദേശിയായ മറ്റൊരാളുടെ നഷ്ടപ്പെട്ട ഫോണിൽനിന്നാണ് ഇവർ വിദ്യയെയും മറ്റ് നേതാക്കളെയും വിളിച്ചത്. നിതിൻ കുമാറും ഗൗരവും ചേർന്നാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്.
പ്രിയങ്ക ഗാന്ധിയുടെ സെക്രട്ടറി രാജ്കുമാർ എന്ന പേരിൽ എം.പി.മാരെയും എം.എൽ.എ.മാരെയും വിളിച്ചത് ഗൗരവാണ്. പോലീസ് ഒരാഴ്ചയായി ഡൽഹിയിൽ ക്യാമ്പ് ചെയ്താണ് പ്രതികളെ പിടികൂടിയത്. ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള വലിയ തട്ടിപ്പു ശൃംഖലയുടെ ഭാഗമാണോ ഇവരെന്ന് പരിശോധിക്കുന്നുണ്ട്.
ജൂലൈ ആറിനാണ് കേരളത്തിൽ മന്ത്രിസഭ പുനഃസംഘടിപ്പിക്കുകയാണെന്നും മൂന്ന് കോടി രൂപ തന്നാൽ മന്ത്രിയാക്കാമെന്നും പറഞ്ഞ് വിദ്യാ ബാലകൃഷ്ണൻ എം.എൽ.എ.യെ ഇവർ വിളിച്ചത്. എം.പി.മാരായ ഷാഫി പറമ്പിൽ, ഡീൻ കുര്യാക്കോസ് എന്നിവരെയും ഡൽഹി, ഒഡീഷ, ഝാർഖണ്ഡ്, രാജസ്ഥാൻ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ എം.പി.മാരെയും എം.എൽ.എ.മാരെയും തട്ടിപ്പുസംഘം വിളിച്ചിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































