താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ കാറുകളും വലിയ ചരക്കുലോറികളും വിവിധയിടങ്ങളിൽ കേടായി വഴിയിൽ കുടുങ്ങിയതിനെത്തുടർന്ന് വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്‌ച പകലുമായി അതിരൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. സാധാരണ നിലയിൽ 40 മിനിറ്റുകൊണ്ട് താണ്ടാവുന്ന 13 കിലോമീറ്റർ ചുരംപാത കടക്കാൻ മൂന്നും നാലും മണിക്കൂറുകളാണ് യാത്രക്കാർക്ക് വേണ്ടിവന്നത്. ചില വാഹനങ്ങൾ ട്രാഫിക് നിയമം പാലിക്കാതെ നിരതെറ്റിച്ച് മറികടക്കാൻ ശ്രമിച്ചതും കുരുക്കിന്റെ ആക്കം കൂട്ടി. അടിയന്തര ഘട്ടങ്ങളിലെത്തിയ ആംബുലൻസുകൾ ഉൾപ്പെടെ ഈ യാത്രാദുരിതത്തിൽ മണിക്കൂറുകളോളം കുടുങ്ങിക്കിടന്നു.
വ്യാഴാഴ്ച രാത്രി കാറുകൾ കുടുങ്ങിയതുമൂലമുണ്ടായ ബ്ലോക്കിൽ അകപ്പെട്ട് ഇരുദിശകളിലും വരിവരിയായി കിടന്ന മൾട്ടി ആക്സിൽ ഭാരവാഹനങ്ങൾ ഒന്നിച്ച് കടന്നുപോയതാണ് സ്ഥിതി കൂടുതൽ വശളാക്കിയത്. ഇതിനിടെ വ്യാഴാഴ്‌ച പുലർച്ചെ ഒരു പിക്കപ്പ് വാൻ ആറാം വളവിന് മുകളിൽ കുടുങ്ങിയെങ്കിലും ഇത് വേഗത്തിൽ മാറ്റി. എന്നാൽ രാവിലെ ഏഴ് മണിയോടെ ഒന്നാംവളവിന് താഴെ ഒരു ചരക്കുലോറി യന്ത്രത്തകരാറിനെത്തുടർന്ന് റോഡിന് കുറുകെ നിന്നത് പകൽസമയത്ത് വലിയ വാഹനങ്ങളുടെ യാത്രയെ പൂർണ്ണമായും ബാധിച്ചു.
കൂടാതെ വയനാട് ഭാഗത്തേക്ക് കുരുമുളകുമായി പോവുകയായിരുന്ന 14 ചക്ര മൾട്ടി ആക്‌സിൽ ലോറി ആറാം വളവിന് മുകളിൽ പുലർച്ചെ മൂന്നരയ്ക്ക് കേടായി കിടന്നതും വലിയ പ്രതിസന്ധിയുണ്ടാക്കി. ബാറ്ററി തകരാറാണെന്ന ധാരണയിൽ രണ്ടുതവണ ബാറ്ററി മാറ്റിനോക്കിയെങ്കിലും മോട്ടോറിന്റെ തകരാറാണെന്ന് വൈകിയാണ് തിരിച്ചറിഞ്ഞത്. ഇതോടെ വലിയ വാഹനങ്ങൾക്ക് വൺവെ ആയി മാത്രമേ ഇതുവഴി കടന്നുപോകാൻ കഴിഞ്ഞുള്ളൂ. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ വെള്ളിയാഴ്‌ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് ചുരത്തിലെ ഗതാഗതം സാധാരണ നിലയിലാക്കാൻ സാധിച്ചത്. താമരശ്ശേരി ഹൈവേ പോലീസ്, അടിവാരം ഔട്ട് പോസ്റ്റ് പോലീസ്, ചുരം ഗ്രീൻ ബ്രിഗേഡ് പ്രവർത്തകർ എന്നിവർ സംയുക്തമായാണ് ഗതാഗത നിയന്ത്രണത്തിന് നേതൃത്വം നൽകിയത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































