കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്തിലെ ആറാം വാർഡിൽപ്പെട്ട കക്കയം പഞ്ചവടിയിൽ വിഭാവനം ചെയ്ത ബാംബൂ പാർക്ക് ടൂറിസം പദ്ധതി അധികൃതരുടെ അനാസ്ഥയും വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മയും കാരണം ഇപ്പോഴും അനിശ്ചിതത്വത്തിൽ. ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ കക്കയം, കരിയാത്തുംപാറ എന്നിവിടങ്ങളിലെത്തുന്ന വിനോദസഞ്ചാരികൾക്കായി വേറിട്ടൊരു കാഴ്ചയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒന്നരപ്പതിറ്റാണ്ട് മുൻപ് വനസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഇവിടെ ഇല്ലിത്തോട്ടം വെച്ചുപിടിപ്പിച്ചത്. മൈസൂരുവിലെ ബാംബൂ പാർക്കിന്റെ മാതൃകയിൽ മലബാറിലെ ഉത്തരവാദിത്വ ടൂറിസം മിഷന്റെ ഭാഗമായി വികസിപ്പിക്കാൻ ഉദ്ദേശിച്ച പദ്ധതിയാണ് നിലവിൽ ഉദ്യോഗസ്ഥരുടെ അവഗണനയിൽ ഒതുങ്ങുന്നത്.
കക്കയം പഞ്ചവടി മേഖലയിൽ കുറ്റ്യാടി റിസർവോയറിന് സമീപമുള്ള ജലസേചന വകുപ്പിന്റെ എട്ടേക്കറിലധികം സ്ഥലത്താണ് ഇല്ലിക്കാടുകളുള്ളത്. 2020-ൽ പാർക്ക് സ്ഥാപിക്കുന്നതിനായി ജലസേചന വകുപ്പ് ഉപാധികളോടെ അനുമതി നൽകുകയും, കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ച് ഫ്ലോട്ടിങ് ടൂറിസം ഉൾപ്പെടെയുള്ള പദ്ധതികൾ തയ്യാറാക്കുകയും ചെയ്തിരുന്നു. മുൻ എം.എ.എ. പുരുഷൻ കടലുണ്ടി ഇതിനായി ഫണ്ട് നീക്കിവെച്ചെങ്കിലും പിന്നീട് യാതൊരുവിധ തുടർനടപടികളും ഉണ്ടായില്ല.
കുറ്റ്യാടിപ്പുഴയ്ക്ക് കുറുകെ തൂക്കുപാലം, ഏറുമാടങ്ങൾ, ഇരിപ്പിടങ്ങൾ, ലഘുഭക്ഷണശാല, പരമ്പരാഗത ഉത്പന്ന വിപണനകേന്ദ്രം എന്നിവയൊരുക്കി സഞ്ചാരികളെ ആകർഷിക്കാൻ ഏറ്റവും അനുയോജ്യമായ ഇടമാണിത്. പ്രദേശവാസികൾക്കും ആദിവാസി കുടുംബങ്ങൾക്കും തൊഴിലവസരം ഉറപ്പാക്കുമെന്ന പ്രതീക്ഷയിൽ കക്കയം വനിതാ ലേബർ കോൺട്രാക്ട് സൊസൈറ്റി മുൻകൈയെടുത്ത് 2019-ൽ ഇവിടുത്തെ അടിക്കാടുകൾ വെട്ടിമാറ്റി പാർക്ക് രൂപത്തിലാക്കിയിരുന്നു. എന്നാൽ പദ്ധതി നടപ്പാകാതെ പോയതോടെ പ്രദേശം വീണ്ടും കാടുകയറി സാമൂഹ്യവിരുദ്ധരുടെയും വന്യമൃഗങ്ങളുടെയും താവളമായി മാറി.
നിലവിൽ കാട്ടുപന്നികൾ, ഇഴജന്തുക്കൾ എന്നിവയ്ക്ക് പുറമെ കാട്ടാനയും കാട്ടുപോത്തുമെല്ലാം പതിവായി എത്തുന്നതിനാൽ ഇരുട്ടുവീണാൽ പുറത്തിറങ്ങാൻ കഴിയാത്ത ഭീതിയിലാണ് പ്രദേശവാസികൾ. ഇവിടെ പെരുമ്പാമ്പ് ശല്യം രൂക്ഷമായതിനാൽ ജനങ്ങൾക്ക് വളർത്തുമൃഗങ്ങളെപ്പോലും സംരക്ഷിക്കാൻ കഴിയുന്നില്ല. വന്യമൃഗശല്യത്തിന് പരിഹാരമാകാനും പ്രദേശത്തിന്റെ വികസനത്തിനും ഏറെ സഹായകരമാകുന്ന ഈ ടൂറിസം പദ്ധതി എത്രയും വേഗം യാഥാർഥ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































