കോഴിക്കോട് : പാളയത്ത് ബന്ധുവായ ബിജുവിനെ പ്രതി ദീപക്ക് കൊലപ്പെടുത്തിയത് ജ്യേഷ്ഠനെ കേസിൽ കുടുക്കാനായി കൃത്യമായ ആസൂത്രണത്തോടെയെന്ന് പോലീസ് കണ്ടെത്തൽ. ഞായറാഴ്ച രാത്രി കൊലപാതകം നടത്താൻ ദീപക്ക് എത്തിയത് ലഹരി ഉപയോഗത്തെച്ചൊല്ലി സ്ഥിരം വഴക്കിട്ടിരുന്ന ജ്യേഷ്ഠസഹോദരന്റെ വെള്ള ടീഷർട്ട് ധരിച്ചായിരുന്നു. അന്വേഷണസംഘത്തെ തെറ്റിദ്ധരിപ്പിക്കാനും സഹോദരനെ പ്രതിയാക്കാനും ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം. രക്തക്കറ പുരണ്ട ടീഷർട്ട് ധരിച്ച് ദീപക്ക് പോകുന്ന സി.സി.ടി.വി. ദൃശ്യങ്ങളാണ് കേസിൽ നിർണായകമായത്. കൃത്യത്തിന് ശേഷം കുളങ്ങരപീടികയിലെ വീട്ടിലെത്തിയ ഇയാൾ ഈ ടീഷർട്ട് വീടിന് പുറകിൽ വെച്ച് കത്തിച്ചുകളഞ്ഞെങ്കിലും പാതി കത്തിയ നിലയിൽ പോലീസ് ഇത് കണ്ടെടുത്തു. ഇത് ഫോറൻസിക് പരിശോധനയ്ക്ക് അയക്കും.
കൊലപാതകത്തിന് ശേഷം വീട്ടിലേക്ക് മടങ്ങിയ ദീപക്ക്, അടുത്ത ബന്ധുവായിരുന്നിട്ടും ബിജുവിന്റെ സംസ്കാരച്ചടങ്ങിന് മാത്രമാണ് എത്തിയത്. ഇയാളുടെ ഈ അസ്വാഭാവിക പെരുമാറ്റത്തിൽ സംശയം തോന്നിയാണ് പോലീസ് കുളങ്ങരപീടികയിലെ വീട്ടിലെത്തിയത്. തുടർന്ന് ചോദ്യം ചെയ്തതോടെ ഇയാൾ ഒരു എതിർപ്പും പ്രകടിപ്പിക്കാതെ കുറ്റം സമ്മതിക്കുകയായിരുന്നു. 13-ാം വയസ്സ് മുതൽ ദീപക്ക് കടുത്ത ലഹരി ഉപയോഗത്തിന് അടിമയായിരുന്നുവെന്നാണ് കുടുംബം നൽകിയ മൊഴി. പ്ലസ് വണ്ണിന് പഠിക്കുമ്പോൾ ലഹരിമുക്തിക്കായി ചികിത്സ തേടിയിരുന്ന ഇയാളെ, ഒന്നരവർഷം മുൻപ് കൈയും കാലും കെട്ടിയിട്ടാണ് ഡീ-അഡിക്ഷൻ സെന്ററിലെത്തിച്ചത്. തന്നെ ചികിത്സയ്ക്ക് കൊണ്ടുപോകാൻ മുൻകൈ എടുത്തത് ബിജുവാണെന്ന വൈരാഗ്യമാണ് ഒടുവിൽ ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചത്. ലഹരി ഉപയോഗം കാരണം ബി.എ. ഇംഗ്ലീഷ് പഠനം പാതിവഴിയിൽ ഉപേക്ഷിച്ച ദീപക്കിന്റെ പേരിൽ നാട്ടിലുണ്ടായ മറ്റ് പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് രണ്ട് കേസുകൾ കൂടിയുണ്ടെന്ന് പോലീസ് അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































