കൊച്ചി: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോ. എം.കെ. റാമിനെ നിയമപരമായ പഴുതുകൾ കാണിച്ച് കോടതി വിട്ടയച്ച സംഭവത്തില്‍ പൊലീസിനെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന് എതിരെയാണ് കോടതിയുടെ രൂക്ഷമായ പരാമർശങ്ങൾ ഉണ്ടായത്. പ്രതിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് ഒരു ആത്മാർത്ഥതയും കാണിച്ചില്ലെന്നും, പകരം അയാളെ രക്ഷിക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. അറസ്റ്റിനുള്ള കൃത്യമായ കാരണം കാണിച്ചില്ലെങ്കില്‍ അത് നിയമവിരുദ്ധമാകുമെന്ന് ഡിവൈഎസ്പിക്ക് അറിയില്ലേ എന്ന് ചോദിച്ച കോടതി, ഈ കേസിൽ പ്രതിയെ രക്ഷിക്കാൻ സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ബന്ധമുണ്ടെന്നും ആരോപിച്ചു.
കേസിൽ ഭരണകൂടത്തിന്റെ സമ്പൂര്‍ണ്ണ പരാജയമാണ് സംഭവിച്ചതെന്നും, പ്രതിയുടെ പണവും ഭക്ഷണവും വാങ്ങി ഡിവൈഎസ്പി അയാൾക്ക് രക്ഷപ്പെടാനുള്ള പഴുതൊരുക്കുകയായിരുന്നുവെന്നും ജസ്റ്റിസ് എ. ബദറുദീന്‍ അധ്യക്ഷനായ സിംഗിള്‍ ബഞ്ച് വിമര്‍ശിച്ചു. പണത്തിന് മീതെ പരുന്തും പറക്കില്ലല്ലോ എന്ന് പരാമർശിച്ച കോടതി, കഴിവില്ലാത്ത ഈ അന്വേഷണ ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് നീക്കണമെന്നും ആവശ്യപ്പെട്ടു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പ്രതിയുടെ അഭിഭാഷകനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും, അല്ലാത്തപക്ഷം ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തുമെന്നും കോടതി മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം നിതിന്‍ രാജിന്റെ കുടുംബം നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ ഈ ഇടപെടൽ.
വിഷയത്തിൽ വെള്ളിയാഴ്ചയ്ക്കകം മറുപടി നൽകാൻ സര്‍ക്കാരിനോട് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. ഡോ. എം.കെ. റാമിനെ ഹാജരാക്കിയപ്പോള്‍ കോടതിയിൽ സമർപ്പിച്ച രേഖകൾ ഹൈക്കോടതിയിലെത്തിക്കാൻ മജിസ്ട്രേറ്റ് കോടതിയോടും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച കുടകില്‍വെച്ച് ക്രൈംബ്രാഞ്ച് പിടികൂടിയ റാമിനെ, അറസ്റ്റ് മാനദണ്ഡങ്ങൾ പാലിച്ചല്ലെന്ന് കാട്ടിയാണ് തലശ്ശേരി കോടതി വിട്ടയച്ചത്. തുടർന്ന് കോടതി വളപ്പിൽ വെച്ച് ഇയാളെ വീണ്ടും കസ്റ്റഡിയിലെടുക്കാൻ പൊലീസ് ശ്രമിച്ചത് വലിയ നാടകീയ രംഗങ്ങൾക്ക് കാരണമായിരുന്നു. നിലവിൽ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് ചോദ്യം ചെയ്ത റാമിനെ എസ്‌ഐടിയെ മാറ്റി തടിയൂരാനാണ് അധികൃതർ ശ്രമിക്കുന്നതെന്നും ആക്ഷേപമുണ്ട്. എന്നാൽ താൻ നിതിന്‍ രാജിനെ മാനസികമായി ബുദ്ധിമുട്ടിക്കുകയോ ജാതീയമായി അധിക്ഷേപിക്കുകയോ ചെയ്തിട്ടില്ലെന്നാണ് പ്രതി റാം അന്വേഷണസംഘത്തിന് നൽകിയ മൊഴി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































