സുൽത്താൻബത്തേരി: പൊൻകുഴി കാട്ടുനായ്ക്ക ഊരിലെ മനുവിൻ്റെ മരണത്തിനിടയാക്കിയത് സർക്കാർ സംവിധാനങ്ങളുടെ ഗുരുതരമായ അനാസ്ഥയാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ജയരാജൻ ആരോപിച്ചു. ബത്തേരി സ്വതന്ത്രമൈതാനിയിൽ സി.പി.എം. ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പോലീസ്, ആരോഗ്യ, പട്ടികവർഗ വകുപ്പുകൾ വിഷയത്തിൽ വലിയ കൃത്യവിലോപമാണ് കാണിച്ചതെന്നും, അപകടത്തിൽപ്പെട്ടവരെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാൻ ചുമതലപ്പെട്ട പോലീസ് അതിന് തയ്യാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കുറ്റക്കാരായ പോലീസുകാർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും, അന്തരിച്ച മനുവിന്റെ കുടുംബത്തിന് സാമ്പത്തികസഹായവും ആശ്രിതർക്ക് ജോലിയും നൽകാൻ സർക്കാർ തയ്യാറാകണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.
കള്ളാടി ദുരന്തവും അധികൃതരുടെ അനാസ്ഥ മൂലമാണുണ്ടായതെന്നും പൊതിച്ചോറ് വിതരണ വിഷയത്തിൽ ആരോഗ്യമന്ത്രിയുടെ നിലപാട് ജനവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ സി.പി.എം. ഏരിയാകമ്മിറ്റിയംഗം ലിജോ ജോണി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ. റഫീഖ്, പ്രമുഖ നേതാക്കളായ വി.വി. ബേബി, സുരേഷ് താളൂർ, പി.ആർ. ജയപ്രകാശ്, പി.കെ. രാമചന്ദ്രൻ, എം.എസ്. വിശ്വനാഥൻ, എം.എസ്. ഫെബിൻ എന്നിവരും യോഗത്തിൽ സംസാരിച്ചു.
മനുവിൻ്റെ മരണത്തിൽ പോലീസും ആരോഗ്യവകുപ്പും ഒരുപോലെ കുറ്റക്കാരാണെന്ന് സി.പി.എം. നേതാക്കൾ ചൂണ്ടിക്കാട്ടി. കുറ്റാരോപിതരായ മുഴുവൻ ഉദ്യോഗസ്ഥർക്കെതിരെയുമ നരഹത്യക്ക് കേസെടുക്കണമെന്നും അവരെ ഔദ്യോഗിക ചുമതലകളിൽനിന്ന് മാറ്റിനിർത്തണമെന്നും പാർട്ടി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി. മനുവിൻ്റെ മാതാപിതാക്കളായ ബിനു, ചിക്കി എന്നിവരുൾപ്പെടെ ഒട്ടേറെപ്പേർ ഈ പ്രതിഷേധപരിപാടിയിൽ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































