പെരിന്തൽമണ്ണ: ലഹരിമാഫിയയുടെ വേരറുക്കാൻ സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ ഭാഗമായി പോലീസിൽ സ്ഥിരംസംവിധാനം സജ്ജമാക്കുമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഓപ്പറേഷൻ തൂഫാൻ കാരണം കേരളത്തിൽ ലഹരിസംഘങ്ങൾ തങ്ങളുടെ പ്രവർത്തനം താത്കാലികമായി കുറച്ചിട്ടുണ്ടെന്നും ഇത് തുടക്കത്തിലെ
ആവേശംമാത്രമാണെന്ന് മാഫിയ കരുതേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പെരിന്തൽമണ്ണ, പാണ്ടിക്കാട് എന്നിവിടങ്ങളിൽ നടന്ന ജനകീയ ലഹരിവിരുദ്ധ സംഗമങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനതലത്തിൽ എ.ഡി.ജി.പി, ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥർക്കും ജില്ലാതലത്തിൽ ഡിവൈ.എസ്.പിമാർക്കുമായിരിക്കും തൂഫാൻ ലഹരിവേട്ടയുടെ ഭാഗമായുള്ള സ്ഥിരംസംവിധാനത്തിന്റെ ചുമതല നൽകുകയെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ഇത് ഒന്നോ രണ്ടോ മാസങ്ങൾക്കകം നിർത്തുന്ന പദ്ധതിയല്ലെന്നും ലഹരി വിപത്തിനെ പൂർണ്ണമായി ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും പാണ്ടിക്കാട്ട് നടന്ന ചടങ്ങിൽ അദ്ദേഹം ഓർമ്മിപ്പിച്ചു.
പെരിന്തൽമണ്ണ നിയോജകമണ്ഡലം തലത്തിൽ സംഘടിപ്പിച്ച 'മെഗാ ഫാൻ' ജനകീയസംഗമത്തിൽ നജീബ് കാന്തപുരം എം.എൽ.എ അധ്യക്ഷനായി. മണ്ഡലത്തിൽ 2300 അംഗങ്ങളുള്ള തൂഫാൻ വാരിയേഴ്സ് ടീം പ്രവർത്തനസജ്ജമായതായും ഒരുവർഷത്തെ കൃത്യമായ പ്രവർത്തനത്തിലൂടെ ലക്ഷ്യം കൈവരിക്കാൻ കഴിയുമെന്നും എം.എൽ.എ പറഞ്ഞു. വി.എസ്. ജോയ് എം.എൽ.എ, ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ, നഗരസഭാധ്യക്ഷ സുരയ്യ ഫാറൂഖ്, മുൻ മന്ത്രി അഡ്വ. നാലകത്ത് സൂപ്പി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
പാണ്ടിക്കാട് ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനകീയപങ്കാളിത്തത്തോടെ ആരംഭിക്കുന്ന വിവിധ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനച്ചടങ്ങിൽ അഡ്വ. എം. റഹ്‌മത്തുള്ള എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ മുഖ്യാതിഥിയായിരുന്നു. ചടങ്ങിനോടനുബന്ധിച്ച് വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള അനുമോദനവും ഡയാലിസിസ് സെന്ററിനായി സി.ഡി.എസ് സമാഹരിച്ച തുകയുടെ കൈമാറ്റവും നടന്നു. വി.എസ്. ജോയ് എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. അമൃത, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. രോഹിൽനാഥ് ഉൾപ്പെടെയുള്ള ജനപ്രതിനിധികളും രാഷ്ട്രീയ പ്രമുഖരും പാണ്ടിക്കാട്ടെ പരിപാടിയിൽ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































