വടകര ഗവ. ജില്ലാ ആശുപത്രിക്ക് നഗരമധ്യത്തിലെ കണ്ണായ സ്ഥലത്ത് ദാനമായി ലഭിച്ച ഭൂമിയും കെട്ടിടവും ആശുപത്രി അധികൃതരുടെ അനുമതിയില്ലാതെ തുറന്ന് വീണ്ടും കച്ചവടം തുടങ്ങിയതായി പരാതി. കഴിഞ്ഞ ഞായറാഴ്ച മുതൽ ഇരുനിലക്കെട്ടിടത്തിന്റെ താഴത്തെ നില തുറന്ന് പ്രവർത്തനം ആരംഭിച്ചതിനെതിരെ ആശുപത്രി സൂപ്രണ്ട് വടകര പോലീസിൽ പരാതി നൽകിയിട്ടുണ്ട്. 1972-ൽ പുതുപ്പണത്തെ ചന്ദ്രങ്കണ്ടി കണാരൻ എഴുതിയ ഒസ്യത്ത് പ്രകാരം 3.4 സെന്റ് സ്ഥലവും അതിലെ കെട്ടിടവും ജില്ലാ ആശുപത്രിക്ക് ലഭിച്ചതാണ്. ഈ സ്വത്തിൽ നിന്നുള്ള വരുമാനം പാവപ്പെട്ട രോഗികൾക്ക് ഭക്ഷണം നൽകാൻ ഉപയോഗിക്കണമെന്നായിരുന്നു ഒസ്യത്തിലെ വ്യവസ്ഥ. തുടർന്ന് 1992-ൽ കളക്ടറുടെ ഉത്തരവിലൂടെ ഈ സ്ഥലം ഔദ്യോഗികമായി ആശുപത്രി സൂപ്രണ്ടിന്റെ പേരിലേക്ക് മാറ്റിയെങ്കിലും 34 വർഷമായിട്ടും ഇത് പൂർണ്ണമായി ആശുപത്രിക്കായി ഉപയോഗപ്പെടുത്താൻ കഴിഞ്ഞിട്ടില്ല.
താഴെയും മുകളിലുമായി രണ്ട് മുറികളുള്ള ഈ കെട്ടിടത്തിൽ നിന്ന് യഥാക്രമം 40 രൂപയും 25 രൂപയും മാത്രമാണ് ആദ്യകാലങ്ങളിൽ വാടകയായി ലഭിച്ചിരുന്നത്. കാലാനുസൃതമായി വാടക പുതുക്കാനോ ആശുപത്രിക്ക് മെച്ചപ്പെട്ട വരുമാനം ഉണ്ടാക്കുന്ന രീതിയിൽ ഇത് മാറ്റിയെടുക്കാനോ അധികൃതർക്ക് സാധിച്ചില്ല. ഈ തുച്ഛമായ വാടക പോലും 2018 മേയ് വരെ മാത്രമാണ് ലഭിച്ചതെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. 2018-ന് ശേഷം വാടകക്കാരെ ഒഴിപ്പിച്ചു എന്ന് ആശുപത്രി അധികൃതർ പറയുമ്പോഴും ഇവിടെ വീണ്ടും കച്ചവടം നടന്നതായി ആക്ഷേപമുണ്ട്. ഗവൺമെന്റ് സ്ഥാപനത്തിന്റെ പേരിലായ ശേഷം നഗരസഭ കരാറുകളൊന്നും പരിശോധിക്കാതെ പീടികമുറിക്ക് ലൈസൻസ് പുതുക്കി നൽകിയതായും ആക്ഷേപമുയർന്നിട്ടുണ്ട്.
കരാർ പുതുക്കാത്ത സാഹചര്യത്തിൽ ഇവിടെ എങ്ങനെ വീണ്ടും കച്ചവടത്തിന് ലൈസൻസ് കിട്ടി എന്ന ചോദ്യവുമായി 'ജാഗ്രത പൊതുമുതൽ സംരക്ഷണസമിതി' രംഗത്തെത്തിയിട്ടുണ്ട്. അനധികൃതമായി കെട്ടിടം കൈവശം വെച്ചിരിക്കുന്നവരെ അടിയന്തരമായി ഒഴിപ്പിച്ച് നിയമനടപടികൾ സ്വീകരിക്കണമെന്നും, സർക്കാരിനുണ്ടായ സാമ്പത്തിക നഷ്ടം ഈടാക്കണമെന്നും സമിതി ആവശ്യപ്പെട്ടു. സ്ഥലത്തിന്റെ യഥാർത്ഥ ഉടമ ലക്ഷ്യമിട്ടതുപോലെ പാവപ്പെട്ട രോഗികൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ ഈ സ്വത്ത് ഉപയോഗപ്പെടുത്താനുള്ള ആലോചനകൾ നടക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. സമിതിയുടെ യോഗത്തിൽ കെ.ജെ. ശ്രീജിത്ത് പടിക്കൽ അധ്യക്ഷത വഹിച്ചു. കെ. പത്മനാഭൻ, സി. രമേശൻ, എം.വി. പ്രദീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































