തിരുവനന്തപുരം: ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്കുള്ള പരീക്ഷയിൽ ഉയർന്ന ക്രമക്കേട് ആരോപണങ്ങളിൽ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) പിഎസ്‌സി ആസ്ഥാനത്ത് വിശദമായ പരിശോധന നടത്തി. ക്രൈംബ്രാഞ്ച് എസ്പിയുടെ നേരിട്ടുള്ള നേതൃത്വത്തിലാണ് പരീക്ഷാ രേഖകൾ ഉൾപ്പെടെയുള്ളവ അന്വേഷണസംഘം പരിശോധിച്ചത്. ഈ കേസിൽ ക്രമക്കേട് ഉന്നയിച്ച ഉദ്യോഗാർത്ഥികളുടെ മൊഴി നേരത്തെ തന്നെ പൊലീസ് രേഖപ്പെടുത്തിയിരുന്നു. അന്വേഷണം വേഗത്തിലാക്കി രണ്ടാഴ്ചയ്ക്കകം കേസിന്റെ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാനാണ് എസ്‌ഐടിയുടെ നീക്കം. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സംഭവത്തിൽ ഔദ്യോഗികമായി എഫ്ഐആർ രജിസ്റ്റർ ചെയ്ത് തുടർനടപടികളിലേക്ക് കടക്കണമോ എന്നതിൽ അന്തിമ തീരുമാനമെടുക്കുക.
കേസ് അന്വേഷണത്തിന്റെ ഭാഗമായി മൂന്നാം തവണയാണ് പ്രത്യേക അന്വേഷണസംഘം പിഎസ്‌സി ആസ്ഥാനത്ത് എത്തുന്നത്. നേരത്തെ എസ്‌ഐടി തലവനും ഐജിയുമായ അജിതാ ബീഗം പിഎസ്‌സി ചെയർമാനുമായി കൂടിക്കാഴ്ച നടത്തി കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചിരുന്നു. തുടർന്ന് രണ്ടാമത്തെ സന്ദർശനത്തിൽ കേസിന് ആവശ്യമായ രേഖകൾ ഏതൊക്കെയാണെന്ന് ലിസ്റ്റ് ചെയ്ത് രേഖാമൂലം പിഎസ്‌സിക്ക് കത്ത് നൽകിയിട്ടാണ് സംഘം മടങ്ങിയത്. ഇതിന് പിന്നാലെയാണ് ഇന്ന് പരീക്ഷാ കൺട്രോളറുടെ ഓഫീസിലടക്കം എസ്‌ഐടി വിശദമായ പരിശോധന നടത്തിയത്. പരീക്ഷയുടെ റാങ്ക് ലിസ്റ്റ്, അഭിമുഖത്തിൽ പങ്കെടുത്തവരുടെ വിവരങ്ങൾ, മറ്റ് രേഖകൾ തുടങ്ങി വിവാദ പരീക്ഷയുമായി ബന്ധപ്പെട്ട പരമാവധി തെളിവുകൾ ശേഖരിക്കാനാണ് പൊലീസ് സംഘം ശ്രമിക്കുന്നത്.
ആസൂത്രണ ബോർഡ് പരീക്ഷയ്ക്ക് പുറമെ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) ഉൾപ്പെടെയുള്ള മറ്റ് പിഎസ്‌സി പരീക്ഷകളിലെ ക്രമക്കേടുകൾ സംബന്ധിച്ചും മുഖ്യമന്ത്രിക്ക് നിരവധി പരാതികൾ ഇതിനോടകം ലഭിച്ചിട്ടുണ്ട്. ഈ പരാതികളിലും വരും ദിവസങ്ങളിൽ വിശദമായ പരിശോധനകൾ ഉണ്ടായേക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































