മേപ്പാടി: കള്ളാടി തുരങ്കപാത നിർമാണമേഖലയിൽ കനത്ത മണ്ണിടിച്ചിലിനെ തുടർന്ന് അടിഞ്ഞുകൂടിയ അവശിഷ്ടങ്ങളും നിർമാണക്കമ്പനി കൂട്ടിയിട്ട മണ്ണും സുരക്ഷിതമായി നീക്കംചെയ്യുന്നത് പരിശോധിക്കാൻ നിയോഗിച്ച വിദഗ്ധസമിതി പ്രദേശം സന്ദർശിച്ചു. കോഴിക്കോട് എൻ.ഐ.ടി. പ്രൊഫസർ ഡോ. സന്തോഷ് ജി. തമ്പി, കേന്ദ്ര ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ശ്രീലേഷ് എന്നിവരടങ്ങിയ സംഘമാണ് ബുധനാഴ്ച രാവിലെ കള്ളാടിയിലെത്തിയത്. മണ്ണിടിച്ചിലുണ്ടായ പ്രദേശത്തും നിർമാണമേഖലയിലും മണ്ണ് കൂട്ടിയിട്ട സ്ഥലങ്ങളിലും സംഘം വിശദമായ പരിശോധന നടത്തി. അവശിഷ്ടങ്ങൾ സുരക്ഷിതമായി നീക്കംചെയ്യുന്നതിനൊപ്പം പ്രദേശത്തിന്റെ ആകാശ ദൃശ്യങ്ങൾകൂടി പരിശോധിച്ച്, ഒരാഴ്ചയ്ക്കുള്ളിൽ സർക്കാരിന് അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്ന് ഡോ. സന്തോഷ് ജി. തമ്പി വ്യക്തമാക്കി. നിലവിൽ മഴയില്ലാത്തത് പരിശോധനയ്ക്ക് അനുകൂല സാഹചര്യമൊരുക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റവന്യുവകുപ്പ് ദുരന്തനിവാരണ സ്പെഷ്യൽ സെക്രട്ടറി കെ. ജീവൻ ബാബുവും ബുധനാഴ്ച കള്ളാടിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. റവന്യൂ, പൊതുമരാമത്ത്, ജിയോളജി വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായും തുരങ്കപാത നിർമാണച്ചുമതലയുള്ള കൊങ്കൺ റെയിൽവേയുടെ കരാറുകാരായ ദിലീപ് ബിൽഡ്കോൺ പ്രതിനിധികളുമായും വിദഗ്ധസംഘം ചർച്ചകൾ നടത്തി. നിർമാണമേഖലയിലെ മണ്ണും അവശിഷ്ടങ്ങളും നിക്ഷേപിക്കാനായി കമ്പനി കണ്ടെത്തിയ പുതിയ സ്ഥലവും സമിതി പരിശോധിച്ചിട്ടുണ്ട്. മണ്ണടിച്ചിലിനെ തുടർന്ന് മീനാക്ഷിപ്പുഴയിലേക്ക് പതിച്ച ലോഹഭാഗങ്ങൾ, വാഹനങ്ങൾ, കോൺക്രീറ്റ് അവശിഷ്ടങ്ങൾ എന്നിവ നീക്കംചെയ്യുന്നതും ചർച്ചയായി. ജൂലായ് ഏഴിന് ഉണ്ടായ കനത്തമഴയിലും മണ്ണിടിച്ചിലിലും എട്ട് തൊഴിലാളികൾ മരണപ്പെട്ടതിനെത്തുടർന്നാണ് അടിയന്തര റിപ്പോർട്ട് നൽകാൻ സർക്കാർ വിദഗ്ധസമിതിയെ ചുമതലപ്പെടുത്തിയത്. നിലവിൽ കമ്പനിയുടെ നേതൃത്വത്തിൽ മീനാക്ഷിപ്പാലത്തിന് ഇരുവശങ്ങളിലുമുള്ള മണ്ണ് നീക്കംചെയ്യുന്ന പ്രവൃത്തികൾ പുരോഗമിക്കുകയാണ്. സന്ദർശന വേളയിൽ ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, എ.ഡി.എം. കെ. അജീഷ്, സബ് കളക്ടർ അതുൽ സാഗർ, ജില്ലാ ജിയോളജിസ്റ്റ് ടി.എം. ഷെൽജു എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































