വടകര: റവന്യൂ ടവർ നിർമാണവുമായി ബന്ധപ്പെട്ട നിലവിലുള്ള സാങ്കേതിക തടസ്സങ്ങൾ അടിയന്തരമായി പരിഹരിച്ച് നിർമാണ പ്രവൃത്തികൾ ഉടൻ ആരംഭിക്കാൻ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്‌ടർ എം.എസ്. മാധവിക്കുട്ടി അറിയിച്ചു. വടകര സിവിൽ സ്റ്റേഷൻ പരിസരത്ത് റവന്യൂ ടവർ നിർമിക്കാൻ നിശ്ചയിച്ചിട്ടുള്ള സ്ഥലം നേരിട്ട് സന്ദർശിച്ച ശേഷമാണ് കളക്ടർ ഇക്കാര്യം വ്യക്തമാക്കിയത്. നിർദിഷ്ട സ്ഥലത്ത് മുറിച്ചിട്ട മരങ്ങൾ മാറ്റുക, നിലവിലുള്ള സെപ്റ്റിക് ടാങ്ക് മാറ്റിവെക്കുക, മണ്ണ് നീക്കം ചെയ്യുക, പഴകിയ കെട്ടിടങ്ങൾ പൂർണ്ണമായി പൊളിച്ചുമാറ്റുക, പഴയ റവന്യൂ റെക്കോഡുകൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുക തുടങ്ങിയ പ്രാഥമിക ജോലികൾ പൂർത്തിയായാൽ മാത്രമേ പ്രധാന നിർമാണ പ്രവൃത്തികളിലേക്ക് കടക്കാനാകൂ.
ഇതിനാവശ്യമായ വ്യക്തമായ നിർദേശങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് നൽകിയിട്ടുണ്ടെന്നും തുടർനടപടികൾ വേഗത്തിലാക്കുമെന്നും കളക്‌ടർ കൂട്ടിച്ചേർത്തു.
സ്ഥലം സന്ദർശന വേളയിൽ കളക്ടർക്കൊപ്പം കെ.കെ. രമ എം.എൽ.എ, ആർ.ഡി.ഒ. കെ.കെ. പ്രസീൽ, തഹസിൽദാർ ലതീഷ് കുമാർ എന്നിവരും പി.ഡബ്ല്യു.ഡി, ഹൗസിങ് ബോർഡ്, കെ.എസ്.ഇ.ബി, ഗ്രൗണ്ട് വാട്ടർ, വാട്ടർ അതോറിറ്റി, ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരും നിർമാണ കരാറെടുത്തിട്ടുള്ള യു.എൽ.സി.സി.എസ് പ്രതിനിധികളും ഒപ്പമുണ്ടായിരുന്നു. നിലവിലുള്ള സാങ്കേതികപ്രശ്നങ്ങൾ പരിഹരിക്കാൻ കളക്‌ടർ ഉറപ്പുനൽകിയതായും ഇത് പൂർത്തിയാകുന്നതോടെ തൊട്ടടുത്ത ദിവസം തന്നെ നിർമാണ പ്രവൃത്തികൾ ആരംഭിക്കാൻ സാധിക്കുമെന്നും കെ.കെ. രമ എം.എൽ.എ പറഞ്ഞു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യു.എൽ.സി.സി.എസ്) പദ്ധതിയുടെ കരാർ ഏറ്റെടുത്തിട്ടുണ്ടെന്നും മറ്റ് തടസ്സങ്ങളൊന്നും നിലവിലില്ലെന്നും എം.എൽ.എ വ്യക്തമാക്കി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































