കൊയിലാണ്ടി: നിർമാണത്തിലെ കടുത്ത അലംഭാവവും ആസൂത്രണമില്ലായ്മയും കാരണം നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് പൂർത്തീകരണം ഇനിയും അനിശ്ചിതമായി നീളുമെന്ന് സൂചന. കൊല്ലം കുന്നോറമല ഭാഗത്തെ റോഡ് നിർമാണത്തിലാണ് അധികൃതരുടെ കൃത്യവിലോപം ഏറ്റവും പ്രകടമാകുന്നത്. എല്ലാവിധ അനുകൂല സാഹചര്യങ്ങളുണ്ടായിട്ടും ഇവിടെ റോഡുപണി അനന്തമായി നീളുകയാണ്. ഇരുന്നൂറ് മീറ്ററോളം നീളത്തിൽ മണ്ണിട്ട് ഉയർത്തിയിരുന്നെങ്കിൽ വാഹനങ്ങൾക്ക് ചെങ്ങോട്ടുകാവിൽനിന്ന് നേരിട്ട് നന്തിവരെ പുതിയ ആറുവരി ബൈപ്പാസിലൂടെ സുഗമമായി സഞ്ചരിക്കാമായിരുന്നു. എന്നാൽ, മണ്ണില്ലാത്തത് കൊണ്ടല്ല മറിച്ച് അധികൃതരുടെ അനാസ്ഥ കാരണമാണ് കുന്നോറമല ഭാഗത്ത് പണി നിർത്തിവെച്ചിരിക്കുന്നത്. ഇതോടെ യാത്രക്കാരുടെ ദുരിതവും ഇരട്ടിയായിരിക്കുകയാണ്.
കുറഞ്ഞ തൊഴിലാളികളെ മാത്രം നിയോഗിച്ച് വളരെ മന്ദഗതിയിൽ പണി മുന്നോട്ട് കൊണ്ടുപോയതാണ് പദ്ധതി വർഷങ്ങളോളം വൈകാൻ ഇടയാക്കിയത്. നിലവിലെ സാഹചര്യത്തിൽ ഈ പോക്കാണ് പോകുന്നതെങ്കിൽ വരും വർഷങ്ങളിലും കൊല്ലത്തിനും കുന്നോറമലയ്ക്കുമിടയിലെ നിർമാണ പ്രവൃത്തികൾ എങ്ങുമെത്താൻ സാധ്യതയില്ല. കുന്നോറമലയ്ക്കും പന്തലായനി കൂമൻതോടിനും ഇടയിൽ റോഡ് നിർമാണത്തിനായി ഇരുവശത്തും കൂറ്റൻ കോൺക്രീറ്റ് മതിൽ നിർമിച്ച് പകുതിയോളം മണ്ണുനിറച്ചിട്ടുണ്ട്. ബാക്കി ഭാഗം ഉയർത്താനാവശ്യമായ മണ്ണ് കുന്നോറമലയിൽ തന്നെയുണ്ട്. ഇതിനായി കുന്നിൻ്റെ കിഴക്ക് ഭാഗത്തെ സ്വകാര്യവ്യക്തികളുടെ സ്ഥലം ഏറ്റെടുത്തിട്ടുമുണ്ട്. ഇവിടെ തട്ടുതട്ടായി തിരിച്ച് മണ്ണെടുത്തു മാറ്റുക മാത്രമാണ് ചെയ്യേണ്ടതെങ്കിലും കഴിഞ്ഞ രണ്ടുമാസമായി ഇവിടെ ഒരുതരത്തിലുള്ള പ്രവൃത്തിയും നടക്കുന്നില്ല.
ബൈപ്പാസ് റോഡ് ഗതാഗത യോഗ്യമല്ലാത്തതിനാൽ ദീർഘദൂര വാഹനങ്ങൾ ഉൾപ്പെടെ നിലവിലുള്ള ദേശീയപാതവഴി തന്നെയാണ് കടന്നുപോകുന്നത്. ഇത് ആനക്കുളം, കൊല്ലം റെയിൽവേ ഗെയ്‌റ്റടവു സമയങ്ങളിലും കൊയിലാണ്ടി നഗരത്തിലും വലിയ രീതിയിലുള്ള ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. മണിക്കൂറുകൾ നീളുന്ന ഈ യാത്രാക്ലേശത്തിന് ഒരേയൊരു പോംവഴി നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് തുറന്നുകൊടുക്കുക എന്നത് മാത്രമാണ്. അതേസമയം, ബൈപ്പാസ് ഉൾപ്പെടെ വെങ്ങളത്തിനും അഴിയൂരിനും ഇടയിലുള്ള ദേശീയപാതയുടെ നിർമാണ പ്രവൃത്തി അവലോകനംചെയ്യാനും ചിലയിടങ്ങളിൽ ഫുട് ഓവർ ബ്രിഡ്‌ജുകളും അടിപ്പാതകളും സർവീസ് റോഡും നിർമിക്കണമെന്ന ജനകീയാവശ്യം പരിശോധിക്കാനും ഡെപ്യൂട്ടി കളക്‌ടർമാർ ഉൾപ്പെട്ട ഉദ്യോഗസ്ഥസംഘം നിലവിൽ സ്ഥലങ്ങളിൽ പരിശോധന നടത്തുന്നുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































