സുൽത്താൻബത്തേരി: പ്രളയക്കെടുതിയെത്തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞിരുന്ന ചീരാൽ വെള്ളച്ചാൽ ഉന്നതിയിലെ കുടുംബങ്ങൾ, തങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി കണ്ടെത്തിയ പുതിയ ഭൂമിയിൽ സംതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് സ്വന്തം വീടുകളിലേക്ക് മടങ്ങി. റോഡ്, കുടിവെള്ളം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉറപ്പുവരുത്തുന്ന സർക്കാർ മാനദണ്ഡങ്ങൾക്കനുസൃതമായ രണ്ട് സ്ഥലങ്ങളാണ് ഉന്നതിക്ക് സമീപത്തായി അധികൃതർ കണ്ടെത്തി നൽകിയത്. ഈ സ്ഥലങ്ങൾ ബോധ്യപ്പെട്ടതോടെയാണ് കല്ലിൻകര ഗവ. യു.പി. സ്കൂളിലെ ക്യാമ്പിൽ കഴിഞ്ഞിരുന്ന കുടുംബങ്ങൾ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മടങ്ങിയത്.
നിലവിൽ കണ്ടെത്തിയ ഭൂമിയുടെ ഉടമസ്ഥരുമായി ധാരണയിലെത്തുന്ന മുറയ്ക്ക്, റവന്യൂ വകുപ്പ് പ്രമാണ പരിശോധന ഉൾപ്പെടെയുള്ള നിയമനടപടികൾ പൂർത്തിയാക്കി സ്ഥലം വാങ്ങുന്നതിനുള്ള അനുമതി നൽകും. തുടർന്ന് പട്ടികവർഗ വകുപ്പ് അനുവദിക്കുന്ന 3.75 കോടി രൂപ ഉപയോഗിച്ച് ഓരോ കുടുംബത്തിനും നിശ്ചിത ഭൂമി രജിസ്റ്റർ ചെയ്തു നൽകും. ഇതിന് പുറമേ പുതിയ വീട് നിർമ്മിക്കുന്നതിനുള്ള തുകയും പട്ടികവർഗ വകുപ്പ് തന്നെയാണ് നൽകുകയെന്ന് നെന്മേനി പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ഗംഗാധരൻ ആത്താർ വ്യക്തമാക്കി.
നിലവിൽ 13 കുടുംബങ്ങളിലായി 48 പേരാണ് വെള്ളച്ചാൽ ഉന്നതിയിൽ താമസിക്കുന്നത്. വർഷങ്ങളായി കനത്ത മഴ പെയ്യുമ്പോൾ സമീപത്തെ തോട്ടിൽ നിന്ന് വീടുകളിലേക്ക് വെള്ളം കയറി ദുരിതത്തിലാകുന്നതാണ് ഇവരുടെ പതിവ്. മുൻപ് പലതവണ അധികൃതരുടെ ഭാഗത്തുനിന്ന് വാഗ്ദാനങ്ങൾ ഉണ്ടായെങ്കിലും പാലിക്കപ്പെടാത്തതിനാൽ, ഇത്തവണ വ്യക്തമായ പുനരധിവാസ ഉറപ്പ് ലഭിക്കാതെ ക്യാമ്പിലേക്ക് മാറാൻ പോലും ഇവർ തയ്യാറായിരുന്നില്ല. തുടർന്ന് പഞ്ചായത്ത്, റവന്യൂ, പട്ടികവർഗ വകുപ്പുകൾ സംയുക്തമായി ഇടപെട്ട് നടത്തിയ അടിയന്തര നീക്കങ്ങൾക്കൊടുവിലാണ് സ്ഥലം കണ്ടെത്താനും ഉന്നതിക്കാരുടെ പ്രതിഷേധം ഒത്തുതീർപ്പാക്കാനും സാധിച്ചത്. പൂർണ്ണമായ പ്രതീക്ഷയോടെയാണ് ഇത്തവണ ഉന്നതിവാസികൾ ക്യാമ്പ് ഒഴിഞ്ഞത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








































