ബാലുശ്ശേരി: ഒരുപതിറ്റാണ്ടിലേറെയായി സ്വന്തമായി ഒരു അഗ്നിരക്ഷാനിലയത്തിനായി കാത്തിരിക്കുകയാണ് ബാലുശ്ശേരി മേഖലയിലെ ജനങ്ങൾ. പ്രദേശത്തെ മലയോരമേഖലയുടെ പ്രത്യേകതകളും നിരന്തരമുണ്ടാകുന്ന തീപ്പിടിത്തങ്ങളും പ്രകൃതിക്ഷോഭങ്ങളും പരിഗണിക്കുമ്പോൾ ഇവിടെ ഒരു ഫയർ സ്റ്റേഷൻ അടിയന്തരമായി സ്ഥാപിക്കേണ്ടത് അനിവാര്യമാണ്. കക്കയം ജലവൈദ്യുതപദ്ധതി, കെ.എസ്.ഐ.ഡി.സി.യുടെ വ്യവസായകേന്ദ്രങ്ങളുള്ള കിനാലൂർ, ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സ് എന്നിവയ്ക്ക് പുറമെ, പ്രദേശം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എയിംസ് (AIIMS), വിവിധ വിനോദസഞ്ചാരകേന്ദ്രങ്ങൾ, ജനസാന്ദ്രതയേറിയ ടൗണുകൾ എന്നിവയെല്ലാം കണക്കിലെടുക്കുമ്പോൾ ബാലുശ്ശേരിക്ക് സ്വന്തം ഫയർ സ്റ്റേഷൻ നിർബന്ധമായും വേണ്ടതുണ്ട്.
നിലവിൽ ബാലുശ്ശേരിയിലോ പരിസരങ്ങളിലോ എന്തെങ്കിലും അപകടങ്ങളോ തീപ്പിടിത്തമോ ഉണ്ടായാൽ അഗ്നിരക്ഷാസേനയ്ക്ക് നരിക്കുനി, പേരാമ്പ്ര, മുക്കം, കൊയിലാണ്ടി എന്നീ നിലയങ്ങളെയാണ് ആശ്രയിക്കുന്നത്. പേരാമ്പ്രയിൽ നിന്ന് 18 കിലോമീറ്ററും നരിക്കുനിയിൽ നിന്ന് 9.8 കിലോമീറ്ററും മുക്കത്ത് നിന്ന് 28 കിലോമീറ്ററും കൊയിലാണ്ടിയിൽ നിന്ന് 16 കിലോമീറ്ററും ദൂരം സഞ്ചരിച്ചാണ് നിലവിൽ ഫയർഫോഴ്സ് വാഹനങ്ങൾ ഇവിടെയെത്തുന്നത്. ദൂരക്കൂടുതൽ കാരണം പലപ്പോഴും അഗ്നിരക്ഷാസേന എത്തുമ്പോഴേക്കും വലിയ നാശനഷ്ടങ്ങൾ സംഭവിച്ചു തീരാറാണ് പതിവ്. മഴക്കാലത്ത് മലയോരമേഖലകളിലെ മണ്ണിടിച്ചിൽ ഭീഷണിയും, പുഴകൾ കരകവിഞ്ഞ് ഉണ്ണികുളം മേഖലയിലുണ്ടാകുന്ന നാശനഷ്ടങ്ങളും, വേനൽക്കാലത്ത് കിനാലൂർ, കാന്തലാട് പ്ലാൻ്റേഷൻ മേഖലകളിലും ഉഷാസ്‌കൂളിൻറെ സിന്തറ്റിക് ട്രാക്കിന് സമീപവും ഉണ്ടാകുന്ന തീപ്പിടിത്തങ്ങളും പ്രദേശവാസികളെ നിരന്തരം ഭീതിയിലാഴ്ത്തുന്നുണ്ട്. ഈ ഗുരുതര സാഹചര്യം കണക്കിലെടുത്ത് അധികൃതർ എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് പൊതുപ്രവർത്തകനായ ഭരതൻ പുത്തൂർവട്ടം ആവശ്യപ്പെട്ടു.
അതേസമയം, വിദൂരനിലയങ്ങളെ ആശ്രയിക്കേണ്ടി വരുന്ന ബാലുശ്ശേരിയുടെ ഈ ദുരവസ്ഥ പരിഹരിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് അതിവേഗ ഇടപെടലുകളുണ്ടാകുമെന്നാണ് സൂചന. ഈ വിഷയത്തിന്റെ ഗൗരവം മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും നേരിൽക്കണ്ട് ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും, ബാലുശ്ശേരിയിൽ സ്വന്തമായി അഗ്നിരക്ഷാനിലയം സ്ഥാപിക്കുന്ന കാര്യത്തിൽ അനുകൂലമായ നടപടികൾ എത്രയും പെട്ടെന്ന് തന്നെ ഉണ്ടാകുമെന്നും ബന്ധപ്പെട്ട കേന്ദ്രങ്ങൾ വ്യക്തമാക്കി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








































