തൊട്ടിൽപ്പാലം: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ കുറ്റ്യാടിച്ചുരത്തിൽ മലയോര ഹൈവേ പ്രവൃത്തി നടക്കുന്ന ഭാഗങ്ങളിൽ മണ്ണിടിച്ചിൽ ഭീഷണി ശക്തമാകുന്നു. വയനാട്ടിൽനിന്ന് മലയോര ഹൈവേ ജില്ലയിലേക്ക് പ്രവേശിക്കുന്ന ഈ കവാടത്തിൽ, റോഡ് നവീകരണത്തിനായി നീക്കം ചെയ്ത മണ്ണ് ആറാം വളവിനും ഏഴാം വളവിനും ഇടയിലുള്ള സ്വകാര്യ വ്യക്തികളുടെ ചെങ്കുത്തായ സ്ഥലത്താണ് കൂട്ടിയിട്ടിരിക്കുന്നത്. മഴ കനത്തതോടെ ഈ മൺകൂനകളിൽ വെള്ളമിറങ്ങി വിള്ളലുകൾ വീണിട്ടുണ്ട്. മുൻപ് മേപ്പാടി കള്ളാടിയിലുണ്ടായതു പോലുള്ള ദുരന്തങ്ങൾ ഇവിടെയും ആവർത്തിക്കുമോ എന്ന വലിയ ആശങ്കയിലാണ് നിലവിൽ നാട്ടുകാർ.
ഇതിനു പുറമേ ചുരത്തിലെ പത്താം വളവിൽ ഏതാണ്ട് 50 മീറ്ററോളം ഉയരമുള്ള സംരക്ഷണ ഭിത്തി (കയ്യാല) ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. കഴിഞ്ഞ വർഷവും ഇതേ സ്ഥലത്ത് മണ്ണിടിച്ചിലുണ്ടായി മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു. നിലവിൽ ഈ കയ്യാലയ്ക്ക് താഴെയുള്ള കടകൾക്ക് ഇത് വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്. 2018-ൽ പത്താം വളവിലുണ്ടായ ഉരുൾപൊട്ടലിന് കാരണം കൃത്യമായ ഓവുചാലുകൾ ഇല്ലാത്തതും വെള്ളം സംരക്ഷണ ഭിത്തിക്ക് ഉള്ളിലേക്ക് ഇറങ്ങിയതുമാണെന്ന് കണ്ടെത്തിയിരുന്നു. അന്ന് താൽക്കാലികമായി ഓവുചാലുകൾ പുനഃസ്ഥാപിച്ചെങ്കിലും ഇപ്പോൾ വീണ്ടും പഴയ പടിയായി റോഡിലൂടെയാണ് വെള്ളമൊഴുകുന്നത്.
മലയോര ഹൈവേ പ്രവൃത്തിയും കലുങ്ക് നിർമാണവും കാരണം നിലവിൽ ചുരത്തിൽ വൺവേ അടിസ്ഥാനത്തിലാണ് വാഹനങ്ങൾ കടത്തിവിടുന്നത്. അഞ്ചാം വളവിൽ വലിയ ഭാരമേറിയ വാഹനങ്ങൾ കയറിയതിനെ തുടർന്ന് റോഡ് താഴ്ന്നുപോയത് ചെറിയ വാഹനങ്ങളുടെ യാത്ര പോലും ദുഷ്‌കരമാക്കുന്നു. റോഡിലെ കുഴികൾ കാരണം വലിയ ലോറികൾ ക്ലച്ചിൽ താങ്ങി കയറ്റേണ്ടി വരുന്നതിനാൽ എൻജിൻ ചൂടായി വഴിയിൽ കുടുങ്ങുന്നതും ഇവിടെ പതിവാണ്. താമരശ്ശേരി ചുരം വഴി മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് നിയന്ത്രണമുള്ളതിനാൽ അവയെല്ലാം കുറ്റ്യാടിച്ചുരം വഴിയാണ് കടന്നുപോകുന്നത്. താമരശ്ശേരി ചുരത്തിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ ബദൽ മാർഗമായി കുറ്റ്യാടിയെ പ്രഖ്യാപിക്കുന്ന അധികാരികൾ, ഇവിടുത്തെ യഥാർത്ഥ അപകടാവസ്ഥ നേരിട്ടുകണ്ട് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പ്രാദേശികവാസികളുടെ ആവശ്യം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








































